കശ്മീരില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മിന്നല്‍ പ്രളയം. കോടികളുടെ നാശനഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ട്. ശ്രീനഗറിലെ ലേ ഹൈവേ അടച്ചു. ഉത്തരാഖണ്ഡിലും ഹിമാചലിലും പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.
കാശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ കംഗനിലാണ് മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മിന്നല്‍ പ്രളയം ഉണ്ടായത്. നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. കോടികളുടെ നാശനഷ്ടം ഉണ്ടായതായയി ആണ് കണക്കുകള്‍. ശ്രീനഗറിലെ ലെ ഹൈവേ അടച്ചു. പ്രളയം ബാധിച്ച ഹിമാചലിലും ഉത്തരാഖണ്ഡിലും സൈന്യത്തിന്റെയും എന്‍ഡിആര്‍എഫ്‌ന്റെയും നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.ഹിമാചലില്‍ 45 പേരെ ഇനിയും കണ്ടെത്താന്‍ ഉണ്ട്. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗ് സുഖു സംഭവസ്ഥലം സന്ദര്‍ശിച്ചു. ക്രമീകരണങ്ങള്‍ വിലയിരുത്തി രാംപൂരിലെ സമേജില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ബ്ലോക്ക് ലെവല്‍ ഹെല്‍ത്ത് സെന്ററുകള്‍ ആരംഭിച്ചു.
ഉത്തരാഖണ്ഡില്‍ ആയിരത്തോളം പേര്‍ ഇപ്പോഴും വിവിധ ഇടങ്ങളിലായി കുടുങ്ങിക്കിടക്കുന്നു എന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി രക്ഷാപ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തുന്നുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു.ഇതുവരെ 9000 പേരെയാണ് ഉത്തരാഖണ്ഡില്‍ രക്ഷപ്പെടുത്തിയത്. 495 യാത്രക്കാരെ ഭീംഭാലിയില്‍ നിന്നും എയര്‍ ലിഫ്റ്റ് ചെയ്തു. റോഡുകള്‍ പുനര്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു.