പടിക്കപ്പറമ്പിൽ മൊയ്തീൻ കുട്ടിയുടെ മൃതദേഹം ലഭിച്ചു. ചാലിയാറിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. റഡാർ സിഗ്നൽ ലഭിച്ച് രാത്രി പരിശോധന നടത്തിയ വീട്ടിലായിരുന്നു മൊയ്തീൻ കുട്ടിയുടെ താമസം. ബന്ധുക്കൾ ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മേപ്പാടി ജുമാ മസ്ജിദിൽ അൽപ സമയത്തിനകം ഖബറടക്കം നടക്കും.
വയനാട് മുണ്ടക്കൈയിൽ റഡാർ സിഗ്നൽ ലഭിച്ച സ്ഥലത്ത് നടത്തിയ പരിശോധനയിൽ മനുഷ്യ ജീവന്റെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. ഇതേതുടർന്ന് ഇന്നത്തെ ദൗത്യം അവസാനിപ്പിക്കുകയിയിരുന്നു. കെട്ടിടത്തിനകത്ത് എവിടെയോ ജീവന്റെ തുടിപ്പ് അവശേഷിക്കുന്നുവെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് രാത്രി വൈകിയും പരിശോധന നടത്താൻ രക്ഷാപ്രവർത്തകർ തീരുമാനിച്ചത്. ഫ്ലഡ് ലൈറ്റ് എത്തിച്ചായിരുന്നു പരിശോധന. എന്നാൽ നീണ്ട തിരച്ചിലിന് ഒടുവിൽ മനുഷ്യജീവന്റേതായ യാതൊന്നും കണ്ടെത്താൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചില്ല.
മുണ്ടക്കൈ അങ്ങാടിയിൽ അത്യാധുനിക തെർമൽ ഇമേജ് റഡാർ (ഹ്യൂമൻ റെസ്ക്യൂ റഡാർ) ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയിൽ നിന്ന് തുടര്‍ച്ചയായി ശ്വാസത്തിന്റെ സിഗ്നല്‍ ലഭിച്ചത്. മൂന്ന് മീറ്റര്‍ താഴ്ചയില്‍ നിന്നാണ് സിഗ്നല്‍ ലഭിച്ചത്. ഉദ്യോഗസ്ഥര്‍ സ്ഥലത്ത് സൂക്ഷ്മതയോടെ മണ്ണുമാറ്റി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.