തിരുവനന്തപുരം വർക്കല അയിരൂരിൽ സംഭവം. അയിരൂർ സ്വദേശി രാജീവന്റെ വീട്ടിലാണ് പരസ്യമായി കെഎസ്ഇബിയുടെ പരാക്രമം നടന്നത്.ഇന്നലെ രാത്രി 11 മണിയോടെ രാജീവന്റെ വീട്ടിലെ സർവീസ് വയർ തീപിടിച്ചിരുന്നു. ഇത് പരിഹരിക്കാൻ എത്തിയ ലൈൻമാൻമാരാണ് മദ്യപിച്ചെത്തിയത്. വൈദ്യുതി തകരാർ പരിഹരിക്കാൻ എത്തിയ ജീവനക്കാർ മദ്യപിച്ചാണ് എത്തിയതെന്ന് രാജീവൻ പറഞ്ഞു. ഇത് ചോദ്യം ചെയ്തതിനു അശ്ലീല പ്രയോഗം നടത്തുകയും ചെയ്തു. പിന്നാലെ കുടുംബം പോലീസിൽ പരാതി നൽകി. ജീവനക്കാരനെതിരെ പരാതി നൽകിയതന്റെ വൈരാഗ്യത്താൽ തകരാർ പരിഹരിച്ചില്ല.പരാതി പിൻവലിക്കാൻ കെഎസ്ഇബി എഞ്ചിനീയർ ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിച്ചു. സർവീസ് വയറിന് തീപിടിച്ചെന്ന് കെഎസ്ഇബിയിൽ അറിയിച്ചപ്പോൾ ഫയർഫോഴ്സിനെ അറിയിക്കാനാണ് പറഞ്ഞതെന്ന് രാജീവൻ പറയുന്നു. പരാതി പിൻവലിക്കാതെ വൈദ്യുതി തകരാർ പരിഹരിക്കില്ലെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞെന്ന് രാജീവൻ പറഞ്ഞു.
പരാതി പിൻവലിക്കാൻ തയാറാകാത്തതിനാൽ തനിക്കെതിരെ പൊലീസിൽ പരാതി നൽകിയെന്ന് രാജീവൻ പറഞ്ഞു. ജോലി തടസ്സപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നതെന്ന് രാജീവൻ പറഞ്ഞു. ഏഴംഗ കുടുംബം ഇരുട്ടിൽ തുടരുകയാണ്. വൈദ്യുതി തകരാർ പരിഹരിക്കാത്തത് ഗൗരവകരമായ കാര്യമാണെന്ന് എംഎൽഎ വി ജോയ് പറഞ്ഞു. കാര്യം വൈദ്യുത മന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും ഉദ്യോഗസ്ഥരോട് വൈദ്യുതി പുനഃസ്ഥാപിക്കാൻ നിർദേശം നൽകിയെന്നും വി ജോയ് പറഞ്ഞു.