Kerala News

ഇടുക്കി കട്ടപ്പനയിൽ നവജാത ശിശുവും മുത്തച്ഛനും കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് കട്ടപ്പന പൊലീസ് ഏഴു കുറ്റപത്രങ്ങൾ കോടതിയിൽ സമർപ്പിച്ചു.

കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ നവജാത ശിശുവും മുത്തച്ഛനും കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് കട്ടപ്പന പൊലീസ് ഏഴു കുറ്റപത്രങ്ങൾ കോടതിയിൽ സമർപ്പിച്ചു. കട്ടപ്പന പുത്തൻപുരക്കൽ നിതീഷാണ് കേസിലെ മുഖ്യപ്രതി. മാർച്ച് രണ്ടിനാണ് കട്ടപ്പനയിൽ നടന്ന മോഷണക്കേസിൽ കട്ടപ്പന പുത്തൻപുരക്കൽ നിതീഷും(31), നെല്ലാനിക്കൽ വിഷ്ണുവും (29) പിടിയിലാകുന്നത്. കട്ടപ്പന സിഐ എൻ സുരേഷ് കുമാർ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇരട്ടക്കൊലപാതകത്തിൻറെ ചുരുളഴിഞ്ഞത്. 

2016 ജൂലൈയിലാണ് നവജാത ശിശുവിന്റെ കൊലപാതകം നടന്നത്. മുഖ്യപ്രതി നിതീഷിന് കൊല്ലപ്പെട്ട വിജയന്റെ മകളിൽ ഉണ്ടായ  ആൺകുട്ടിയെ ജനിച്ച് ഏതാനും ദിവസങ്ങൾക്കകം കൊല്ലുകയായിരുന്നു. നിതീഷാണ് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത്. കുഞ്ഞിനെ കാലിലും കൈയിലും പിടിച്ചത് വിജയനും മകൻ വിഷ്ണുവുമായിരുന്നു. മൃതദേഹം സാഗര ജങ്ഷന് സമീപമുള്ള വിജയന്റെ വീട്ടിൽ കുഴിച്ചിട്ടുവെന്ന് നിതീഷ് മൊഴി നൽകി.

2023 ഓഗസ്റ്റിലെ ഒരു രാത്രിയിൽ വിജയനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. കാഞ്ചിയാറിലെ വാടക വീടിൻറെ തറ കുഴിച്ച് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തിയിരുന്നു. എന്നാൽ നവജാത ശിശുവിൻറെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ല. വിശദമായി അന്വേഷണത്തിനൊടുവിലാണ് കുറ്റപത്രങ്ങൾ സമർപ്പിച്ചത്.

പ്രതികൾ ഉൾപ്പെട്ട മോഷണം, ഇരട്ടക്കൊലപാതകം, പ്രതി നിതീഷ് വയോധികയെയും യുവതിയെയും പീഡിപ്പിച്ച കേസ് എന്നിവയിൽ  രണ്ടു കുറ്റപത്രം വീതവും, പ്രതികൾ മോഷ്ടിക്കാൻ കയറിയ വർക്ക്ഷോപ്പ് ഉടമയുടെ മകൻ ഉൾപ്പെട്ട സംഘം പ്രതികളെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് ഒരു കുറ്റപത്രവുമാണ് കോടതിയിൽ സമർപ്പിച്ചത്. കൊല്ലപ്പെട്ട വിജയൻറെ ഭാര്യയെയും  മകൻ വിഷ്ണുവിനെയും മാപ്പുസാക്ഷിയാക്കിയിട്ടുണ്ട്. മന്ത്രവാദത്തിൻറെ പേര് പറഞ്ഞ് വിജയൻറെ കുടുംബത്തെ തൻറെ നിയന്ത്രണത്തിലാക്കിയാണ് നിതീഷ് കുറ്റകൃത്യങ്ങളെല്ലാം ചെയ്തത്. നിതീഷിനെ പേടിച്ച് കഴിഞ്ഞിരുന്ന കുടുംബത്തിൽ നിന്നും ഏറെ പണിപ്പെട്ടാണ് പോലീസ് വിവരങ്ങൾ ശേഖരിച്ചത്.

Related Posts

Leave a Reply