തിരുവമ്പാടി കെഎസ്ഇബി ഓഫിസ് ആക്രമണക്കേസില്‍ പ്രതികളുടെ ജാമ്യം നിഷേധിച്ച് താമരശ്ശേരി കോടതി. നിര്‍ഭയമായി ജോലി ചെയ്യാന്‍ പൊതു സേവകര്‍ക്ക് അവസരമുണ്ടാവണമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. ഇത്തരം കേസുകളില്‍ യാതൊരു വിട്ടു വീഴ്ച്ചയ്ക്കും ഇടയില്ലെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം ജില്ലാ കോടതിയെ സമീപിക്കുമെന്ന് പ്രതികളുടെ അഭിഭാഷകന് അറിയിച്ചു.
വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് പിന്നാലെ അജ്മല്‍ എന്നയാള്‍ കെഎസ്ഇബി ഓഫിസില്‍ കയറി ആക്രമണം നടത്തിയെന്നായിരുന്നു പരാതി. ഇതിന് പിന്നാലെ അജ്മലിനേയും സഹോദരന് ഷഹദാദിനേയും തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരും നിലവില്‍ റിമാന്‍ഡിലാണ്.
അജ്മലിന്റെ വീട്ടിലുള്ള ബില്‍ ഓണ്‍ലൈനായി അടച്ചങ്കിലും കണക്ഷന് വിഛേദിച്ചെന്ന് പറഞ്ഞാണ് ഇവര്‍ കെഎസ്ഇബി ഓഫിസിലെത്തിയത്. ഇതിന്റെ പേരില്‍ യുവാവും ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടാകുയയായിരുന്നു. കെ.എസ്.ഇ ബി . സി എം ഡി യുടെ നിര്‍ദേശപ്രകാരമാണ് കണക്ഷന് വിഛേദിച്ചതെന്നായിരുന്നു വാര്‍ത്തകള്‍.