കെഎസ്ഇബി ഓഫീസ് ജീവനക്കാരെ അജ്മൽ മർദിച്ചിട്ടില്ലെന്ന് മാതാവ് മറിയം. അജ്മൽ മടങ്ങിയ ശേഷം ഓഫീസ് അടിച്ച് തകർത്തത് കെഎസ്ഇബി ജീവനക്കാർ തന്നെയാണെന്ന് മാതാവ് മറിയം ആരോപിച്ചു. ട്വന്റിഫോർ ന്യൂസ് ഈവനിംഗിലായിരുന്നു മറിയം ഇക്കാര്യം പറഞ്ഞത്. തന്റെ മക്കൾ അതിക്രമം കാണിച്ചിട്ടുണ്ടെങ്കിൽ തെളിയിക്കാൻ കെഎസ്ഇബി തായാറാകണമെന്ന് മറിയം ആവശ്യപ്പെട്ടു.
മറ്റൊരാളെ ബില്ല് അടക്കാൻ ഏൽപ്പിച്ചിരുന്നു. ഫ്യൂസ് ഊരാൻ വന്നപ്പോഴാണ് ബില്ല് അടച്ചിട്ടില്ലെന്ന് മനസിലായതെന്ന് മറിയം. കെഎസ്ഇബി അറിയിപ്പ് ഒന്നും നൽകിയിരുന്നില്ലെന്ന് മറിയം പറയുന്നു. വെദ്യുതി വിച്ഛേദിച്ചതിന് പിന്നാലെ ബില്ല് ഓൺലൈനായി അടച്ചിരുന്നെന്ന് മറിയം വ്യക്തമാക്കി.
അതേസമയം ആക്രമിക്കില്ലെന്ന് ഉറപ്പു ലഭിച്ചാൽ വൈദ്യുതി കണക്ഷൻ ഇന്നുതന്നെ പുനസ്ഥാപിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. ഇതിനായി ജില്ലാ കളക്ടർ ചുമതലപ്പെടുത്തിയെന്നും കെഎസ്ഇബി ചെയർമാൻ വ്യക്തമാക്കി. ബില്ലടയ്ക്കാതെ കണക്ഷൻ വിച്ഛേദിക്കാൻ എത്തുമ്പോൾ വാക്ക് തർക്കവും ഭീഷണിയും പതിവാണെന്ന് കെഎസ്ഇബി പ്രസ്താവനയിവൽ പറയുന്നു. ആക്രമണത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ചെയർമാൻ വ്യക്തമാക്കി. കെ എസ് ഇ ബിക്കുണ്ടായ നാശനഷ്ടങ്ങൾ മുഴുവൻ ഈടാക്കുകയും ചെയ്യുമെന്ന് ചെയർമാൻ അറിയിച്ചു.
