തിരുവനന്തപുരം: കളിയിക്കാവിള കൊലപാതക കേസിൽ അറസ്റ്റിലായ രണ്ടാം പ്രതി സുനിൽകുമാറിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. സർജിക്കൽ ഷോപ്പ് ഉടമ കൂടിയായ സുനിലിനെ ചോദ്യം ചെയ്യുന്നതിലൂടെ, ഒന്നാം പ്രതി അമ്പിളി പറഞ്ഞതാണോ കൊലപാതകകാരണമെന്ന് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
പിടിക്കപ്പെടുമ്പോൾ സുനിലിന്റെ പക്കൽ പണം ഉണ്ടായിരുന്നതായാണ് സൂചന. ഇത് അമ്പിളി നൽകിയതാണോ എന്ന് പോലീസ് പരിശോധിക്കും. ക്വാറി ഉടമ ദീപുവിനെ കഴുത്തറുത്തു കൊല്ലാനുള്ള സർജിക്കൽ ബ്ലൈഡും ക്ലോറോഫോമും നൽകിയത് സുനിൽ ആണെന്നാണ് അമ്പിളിയുടെ മൊഴി. ഇവ നൽകിയത് സുനിൽ ആണോ എന്നും പൊലീസ് പരിശോധിക്കും.
ദീപവുമായുള്ള സുനിലിൻ്റെ ബന്ധത്തെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. രണ്ടും മൂന്നും പ്രതികളായ സുനിൽ കുമാർ, പ്രദീപ് ചന്ദ്രൻ ഒന്നാം പ്രതി അമ്പിളി എന്നിവർ പത്തുലക്ഷം രൂപയ്ക്ക് വേണ്ടിയാണ് കൊലപാതകം നടത്തിയത് എന്നാണ് തമിഴ്നാട് പൊലീസിന്റെ നിലവിലെ നിഗമനം.
മുംബൈയിലേക്ക് ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് സുനില്‍കുമാര്‍ തമിഴ്നാട് പ്രത്യേക സംഘത്തിന്റെ പിടിയിലായത്. പ്രതി അമ്പിളിയുടെ സുഹൃത്താണ് സുനില്‍കുമാര്‍. സുനില്‍കുമാറിന്റെ വാഹനം നേരത്തെ കണ്ടെത്തിയിരുന്നു. കന്യാകുമാരിയിലെ കുലശേഖരത്ത് റോഡ് സൈഡില്‍ നിര്‍ത്തിയിട്ട നിലയിലാണ് കാര്‍ കണ്ടെത്തിയത്.
അമ്പിളിക്ക് പിന്നാലെയാണ് സുനില്‍കുമാറിന്റെ സുഹൃത്ത് പ്രദീപ് ചന്ദ്രനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഗൂഢാലോചനയില്‍ പ്രദീപ് ചന്ദ്രനും പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. കൊലപാതകം സുനില്‍കുമാറും പ്രദീപ് ചന്ദ്രനും അമ്പിളിയും ചേര്‍ന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിനായി അമ്പിളിയെ കൊണ്ടുവിട്ടത് സുനില്‍കുമാറും പ്രദീപ് ചന്ദ്രനും കൂടിയാണ് എന്നും പൊലീസ് പറയുന്നു.