Kerala News

കളിയിക്കാവിള കൊലപാതകക്കേസിൽ സൂത്രധാരൻ അമ്പിളി എന്ന് പൊലീസ്.

തിരുവനന്തപുരം: കളിയിക്കാവിള കൊലപാതകക്കേസിൽ സൂത്രധാരൻ അമ്പിളി എന്ന് പൊലീസ്. ദീപുവിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് അമ്പിളി ഒറ്റയ്ക്കായിരുന്നുവെന്നും രണ്ടുമാസം മുമ്പ് ആസൂത്രണം ആരംഭിച്ചുവെന്നും പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് കൂട്ടാളികളെയും ഉൾപ്പെടുത്തിയത് അമ്പിളിയുടെ ബുദ്ധിയാണ്. ഈ അടുത്തായാണ് സുനിലിനെയും പ്രദീപ് ചന്ദ്രനെയും അമ്പിളി പരിചയപ്പെടുന്നത്.

കൃത്യം നടക്കുന്ന ദിവസം കാറിൽ വച്ചാണ് ആരെയാണ് കൊലപ്പെടുത്താൻ പോകുന്നതെന്ന് സഹായികളോട് പറഞ്ഞത്. കൊലയ്ക്ക് ശേഷം അമ്പിളി ആദ്യം പോയത് ദീപുവിന്റെ വീട്ടിലേക്കാണ്. ദീപുവിന്റെ മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം നൽകിയതും അമ്പിളിയാണ്. അന്വേഷണം തന്നിലേക്ക് എന്ന് മനസ്സിലാക്കിയതോടെ ഇയാൾ മുങ്ങി.

തിങ്കളാഴ്ച രാത്രി 11 ഓട് കൂടി അമിത ശബ്ദത്തിൽ ഇരമ്പിച്ച് കൊണ്ട് റോഡരികിൽ നിർത്തിയിരുന്ന കാർ പരിശോധിച്ച നാട്ടുകാരാണ് ഡ്രൈവിങ് സീറ്റിൽ കഴുത്ത് അറുത്ത നിലയിൽ മൃതദേഹം കണ്ടത്. കത്തിയും കണ്ടെത്തിയിരുന്നു. പുറകിലത്തെ സീറ്റിൽനിന്ന് ഒരാൾ ബാഗുമായി ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിരുന്നു. മണ്ണുമാന്തിയന്ത്രങ്ങളുടെ വർക്ക്ഷോപ്പും സ്പെയർ പാർട്സ് കടയും നടത്തുന്ന ആളാണ് ദീപു. മണ്ണുമാന്തിയന്ത്രം വാങ്ങാൻ കോയമ്പത്തൂരിലേക്കു പോകുന്നുവെന്ന് പറഞ്ഞാണ് തിങ്കളാഴ്ച രാത്രി ഏഴരയോടെ ദീപു വീട്ടിൽനിന്ന് ഇറങ്ങിയത്. ദീപുവിന് ഗുണ്ടാ സംഘങ്ങളുടെ ഭീഷണിയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. ദീപുവിന് അങ്ങനെ വന്ന കോളുകൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു

ഇതിനിടെ ഇന്ന് കേസിൽ ഒരാൾ കൂടി പിടിയിലായി. ഒളിവിലുള്ള രണ്ടാം പ്രതി സുനിലിന്റെ സുഹൃത്ത് പ്രദീപ് ചന്ദനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗൂഡാലോചനയിൽ പൂവാർ പൂങ്കുളം സ്വദേശി പ്രദീപ് ചന്ദ്രനും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഒളിവിലുള്ള രണ്ടാം പ്രത്രി സുനിലിനെ കണ്ടെത്താൻ ഊർജിതമായി അന്വേഷണം തുടരുകയാണ്. ആശുപത്രി ഉപകരണങ്ങളുടെ വിതരണക്കാരനായ സുനിൽ കേരളത്തിൽ തന്നെ ഉണ്ടെന്നാണ് വിവരം. മുഖ്യപ്രതി ചൂഴാറ്റുകോട്ട അമ്പിളിക്ക് കൊല നടത്താനുള്ള സർജിക്കൽ ബ്ലേഡ്, ക്ലോറോഫോം, കൈയുറകൾ, കൊലക്കുശേഷം മാറ്റാനുള്ള വസ്ത്രങ്ങൾ എന്നിവ എത്തിച്ചു നൽകിയത് സുനിലാണ്.

Related Posts

Leave a Reply