Kerala News

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനകേസിലെ പരാതിക്കാരിയായ യുവതി കാഠ്മണ്ഡുവില്‍

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനകേസിലെ പരാതിക്കാരിയായ യുവതി കാഠ്മണ്ഡുവില്‍. മാതാപിതാക്കളെ കാണാന്‍ താല്‍പര്യമില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ ഇട്ടതെന്നും വടക്കേകര പോലീസിന് മൊഴി നല്‍കിയ യുവതി വ്യാഴാഴ്ച രാത്രി തന്നെ ഡല്‍ഹിക്ക് മടങ്ങിയിരുന്നു. യുവതി ഒരാഴ്ചയോളം കാഠ്മണ്ഡുവിലായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

കഴിഞ്ഞ 28 ന് തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്ക് പോയ യുവതി അവിടെ നിന്നും കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്നു. കാഠ്മണ്ഡുവില്‍ ഭര്‍ത്താവ് രാഹുല്‍ ഒപ്പമുണ്ടാകാം എന്നും പൊലീസ് സംശയിക്കുന്നു. 28 ന് ശേഷം ഡല്‍ഹി, കാഠ്മണ്ഡു എന്നിവടങ്ങളിലായിരുന്നുവെന്ന് യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുമുണ്ട്. വീട്ടുകാരെ തത്ക്കാലം കാണാന്‍ താല്‍പര്യമില്ലെന്നായിരുന്നു യുവതിയുടെ പ്രതികരണം.

വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ഇട്ടത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും മൊഴി നല്‍കിയിട്ടുണ്ട്. മൊഴിയെടുത്തതിന് ശേഷം പൊലീസ് യുവതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരുന്നു. അതിന് ശേഷം ഡല്‍ഹിക്ക് മടങ്ങിയ യുവതി ഇന്നലെ തന്നെ കാഠ്മണ്ഡുവില്‍ എത്തി എന്നാണ് വിവരം.

പറവൂര്‍ സ്വദേശിനിയായ യുവതിയാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ ക്രൂരമായ ഗാര്‍ഹിക പീഡനത്തിന് ഇരയായതായി പരാതി ഉന്നയിച്ചതും പിന്നീട് തിരുത്തിപ്പറഞ്ഞതും. യുവതിയുടെ പരാതിയില്‍ രാഹുലിന്റെ അമ്മ ഉഷാകുമാരി, സഹോദരി കാര്‍ത്തി എന്നിവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഭര്‍ത്താവ് രാഹുല്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും ഫോണ്‍ ചാര്‍ജര്‍ കഴുത്തില്‍ കുരുക്കി ബെല്‍റ്റ് കൊണ്ട് പുറത്തടിച്ചുവെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇതെല്ലാം പെണ്‍കുട്ടി പിന്നീട് നിഷേധിക്കുകയായിരുന്നു.

Related Posts

Leave a Reply