ചന്ദ്രയാനിൽ സഞ്ചരിച്ച് പ്രഗ്യാൻ റോവർ. പ്രഗ്യാൻ റോവർ പ്രവർത്തിച്ചു തുടങ്ങിയതായി ഐഎസ്ആർഒയുടെ സ്ഥിരീകരണം. പ്രഗ്യാൻ റോവർ ലാൻഡറിൽ നിന്നും എട്ടുമീറ്റർ അകലത്തിൽ വരെ സഞ്ചരിച്ചു. പേലോടുകൾ സാധാരണ രീതിയിൽ പ്രവർത്തനം ആരംഭിച്ചതായും ഐഎസ്ആർഒ ട്വീറ്റ് ചെയ്തു. ചന്ദ്രയാൻ 2 ഓർബിറ്റർ പകർത്തിയ വിക്രം ലാൻഡറിന്റെ ചിത്രം ഐഎസ്ആർഒ പുറത്തുവിട്ടിരുന്നു. ചന്ദ്രയാൻ 3 ലാൻഡർ, ഞാൻ നിങ്ങളെ ശ്രദ്ധിക്കുന്നു എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി ഐഎസ്ആർഒ കുറിച്ചിരിക്കുന്നത്. ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ക്യാമറകളിൽ ഏറ്റവും മികച്ച റെസല്യൂഷനുള്ള ക്യാമറയാണ് ചന്ദ്രയാൻ-2 ഓർബിറ്ററിനുള്ളത്. ജൂലൈ 14-ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ വിക്ഷേപണ കേന്ദ്രത്തിൽ നിന്നും ആരംഭിച്ച ചന്ദ്രയാൻ 40 ദിവസത്തെ ബഹിരാകാശ യാത്രയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യത്തെ രാജ്യവും ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് ചെയ്യുന്ന നാലാമത്തെ രാജ്യവുമായി ഇന്ത്യ മാറി.