കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് കുത്തേറ്റ് ആനപ്പാപ്പാൻ മരിച്ച സംഭവത്തിൽ പ്രതി റെയിൽവേ പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം കല്ലറ കുറ്റിമൂട് അനുമന്ദിരത്തിൽ മാഹി എന്ന രാധാകൃഷ്ണൻ ആണ് പിടിയിലായത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇന്നലെ വൈകുന്നേരം കായംകുളം റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പ്രതി പോലീസിന്റെ പിടിയിലാകുന്നത്. പ്രതിയെ കൊല്ലം റെയിൽവേ പോലീസിന് കൈമാറി. അഞ്ചാലുംമൂട് തൃക്കരുവ സ്റ്റേഡിയത്തിന് സമീപം കളീലിൽ ചിറയിൽ അബ്ദുൾ അസീസിന്റെ മകൻ അനീസാണ് കൊല്ലം റെയിൽവേ സ്റ്റേഷനിൽ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. കൊല്ലം റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോം ഒന്ന് എ യിൽ വച്ചാണ് അനീസിന് കുത്തേറ്റത്. കുത്തേറ്റ ശേഷം പ്ലാറ്റ്ഫോമിലൂടെ നടന്നു നീങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട റെയിൽവേ ശുചീകരണ തൊഴിലാളിയാണ് വിവരം പോലീസിനെ അറിയിച്ചത്. ഉടൻ തന്നെ അനീസിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം ആരോഗ്യനില വഷളായതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനി ടെ ചാത്തന്നൂരിൽ വച്ച് മരിക്കുകയായിരുന്നു. റെയിൽവേ സ്റ്റേഷനിൽ സ്ഥിരമായി തങ്ങിയിരുന്ന മാഹിൻ കുത്തി എന്നായിരുന്നു അനീസിന്റെ മരണമൊഴി. ഈ പേര് കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്. കൊല്ലപ്പെട്ട അനീസും രാധാകൃഷ്ണനും ഒരുമിച്ചിരുന്ന് മദ്യപിക്കാറുണ്ട്. അടുത്തിടെ മദ്യപിക്കുന്നതിനിടെ ഇവർ തമ്മിൽ വഴക്കുണ്ടായി. കൊലപാതകം നടക്കുന്ന ദിവസം പ്ലാറ്റ്ഫോമിൽ ഇരിക്കുകയായിരുന്ന രാധാകൃഷ്ണനെ അനീസ് നെഞ്ചത്ത് ചവിട്ടി. വീണ്ടും ചവിട്ടാൻ ശ്രമിക്കുന്നതിനിടെ ബാഗിൽ ഉണ്ടായിരുന്ന കത്തിയെടുത്ത് രാധാകൃഷ്ണൻ അനീസിനെ കുത്തുകയായിരുന്നു. പ്രതിയെ പോലീസ് വിശദമായി ചോദ്യംചെയ്ത് വരികയാണ്. കൊലപാതക കേസിൽ പ്രതിയെ പിടികൂടാൻ പോലീസിന് സഹായകമായത് യാത്രക്കാരുടെ സംഘടനയായ പ്രിൻസ് ഓൺ റെയ്ൽസിന്റെ അവസരോചിതമായ ഇടപെടലാണ്.
കൊല്ലം ജനമൈത്രി പോലീസിലെ സി പി ഓ ബർണബാസ് പ്രതിയുടേതെന്ന് സംശയിക്കുന്ന വ്യക്തിയുടെ സിസിടിവി ദൃശ്യം അവരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ആദ്യം പോസ്റ്റ് ചെയ്തു. തുടർന്ന് അദ്ദേഹം വിവരം ഫ്രണ്ട്സ് ഓൺ റെയ്ൽസിന്റെ ഗ്രൂപ്പ് അഡ്മിനെ വിളിച്ച് വിവരം അറിയിച്ചു. അഡ്മിൻ ഉടൻതന്നെ ചിത്രം ഫ്രണ്ട്സ് ഓൺ റെയിൽസിന്റെ സംസ്ഥാനത്തെ എല്ലാ ഗ്രൂപ്പിലും ഷെയർ ചെയ്തു. അങ്ങനെ ഇന്നലെ ആലപ്പുഴ കൊല്ലം പാസഞ്ചറിൽ യാത്ര ചെയ്ത സംസ്ഥാന കള്ള് വ്യവസായ ക്ഷേമനിധി ബോർഡ് ജീവനക്കാരുടെ ശ്രദ്ധയിൽ ഇയാൾപ്പെടുന്നത്. ഉടൻ തന്നെ ഇവർ വിവിധ പോലീസ് സ്റ്റേഷനുകളിൽ വിവരം അറിയിക്കുകയായിരുന്നു. ഒടുവിൽ കായംകുളത്ത് വച്ച് കാത്തുനിന്ന പോലീസ് സംഘം പ്രതിയെ കയ്യോടെ പിടികൂടുകയായിരുന്നു