തൃശൂർ – കരുവന്നൂർ സഹകരണ ബാങ്കിലെ 150 കോടി രൂപയുടെ ബെനാമി വായ്പയിൽ പലതും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എ.സി.മൊയ്തീന്റെ നിർദേശപ്രകാരമാണു നൽകിയതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കണ്ടെത്തി.
31ന് ചോദ്യം ചെയ്യലിനു ഹാജരാകാൻ മൊയ്തീനും ബാങ്കിന്റെ മുൻ മാനേജർ ബിജു കരീമിനും ഇ ഡി സമൻസ് നൽകി. പാർട്ടി ജില്ലാ കമ്മിറ്റിയിൽ ഉണ്ടായിരുന്ന കാലത്തു ബാങ്കിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നതു മൊയ്തീനാണ്. ബാങ്കിൽ നിന്ന് ഇദ്ദേഹത്തിന്റെ അടുപ്പക്കാർക്ക് എങ്ങനെ പണം ലഭിച്ചു എന്നു മനസ്സിലാക്കാനാണു ചോദ്യം ചെയ്യൽ. ബാങ്ക് മാനേജർ ബിജുവും മൊയ്തീനുമായുള്ള ബന്ധത്തെക്കുറിച്ചും ഇ ഡി ക്ക് അറിയേണ്ടതുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ (പിഎംഎൽഎ) വകുപ്പനുസരിച്ചാണു മൊയ്തീന്റെയും മറ്റുള്ളവരുടെയും വീടുകളിൽ ഇ ഡി റെയ്ഡ് നടത്തിയത്. പിഎംഎൽഎ കേസ് റജിസ്റ്റർ ചെയ്താൽ അറസ്റ്റ് ഒഴിവാക്കാനാകില്ല.
