Kerala News

ഹോട്ടലിൽ അതിക്രമം കാണിച്ചതിന് ഗ്രേഡ് എസ്ഐക്കെതിരെ പൊലീസ് കേസ് എടുത്തു

കോഴിക്കോട്: ഹോട്ടലിൽ അതിക്രമം കാണിച്ചതിന് ഗ്രേഡ് എസ്ഐക്കെതിരെ പൊലീസ് കേസ് എടുത്തു. ബാലുശ്ശേരി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ എ രാധാകൃഷ്ണനെതിരെയാണ് കേസ്. വാങ്ങിയ ഭക്ഷണത്തിന് പണം നൽകാത്തത് ചോദ്യം ചെയ്തതിന് ഇയാൾ ഹോട്ടലിൽ അതിക്രമം കാണിക്കുകയായിരുന്നു.

എസ്ഐ ഭക്ഷണം പാഴ്സൽ വാങ്ങിയ ശേഷം പണം നൽകാതിരുന്നതാണ് സംഭവങ്ങളുടെ തുടക്കം. ഈ ഹോട്ടലിൽ നിന്ന് എസ്ഐ സ്ഥിരമായി ഇങ്ങനെ ഭക്ഷണം വാങ്ങിയിരുന്നെന്നാണ് വിവരം. ഇനി മുതൽ ഇങ്ങനെ ഭക്ഷണം നൽകേണ്ടെന്ന് ഹോട്ടലുടമ ജീവനക്കാർക്കു നിർദേശം നൽകിയിരുന്നു. അങ്ങനെ ജീവനക്കാർ പണം ചോദിച്ചതോടെ എസ്ഐ അവരെ അസഭ്യം പറയുകയും ഹോട്ടലിൽ അതിക്രമം കാണിക്കുകയുമായിരുന്നു. പിന്നാലെ ഹോട്ടൽ ഉടമ പൊലീസിൽ പരാതി നൽകി.

അതിനിടെ പ്രശ്നം ഒത്തു തീർപ്പാക്കാനുള്ള ശ്രമങ്ങളും നടന്നു. എന്നാൽ, അപ്പോഴേക്കും എസ്ഐ ഹോട്ടലിൽ അതിക്രമം കാണിച്ചതിന്റെ വിഡിയോ ദൃശ്യം പുറത്തായിരുന്നു. തുടർന്ന് കേസെടുക്കാൻ പൊലീസ് നിർബന്ധിതരായി. അതിക്രമം, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. ​ഗ്രേഡ് എസ്ഐക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts

Leave a Reply