പാമ്പാടി: ഹൃദയസ്തംഭനം വന്ന വീടിന് അകത്ത് കുടുങ്ങി പോയ ആളെ രക്ഷിച്ച് ഫയര്‍ഫോഴ്സ്. കോട്ടയം ജില്ലയിലെ പാമ്പാടിയിലാണ് സംഭവം. സൗത്ത് പാമ്പാടി സെന്റ് തോമസ് ഹൈസ്കൂളിന്റെ പുറകുവശത്തായി താമസിക്കുന്ന വെള്ളക്കോട്ട് സാബു ചാക്കോയുടെ ജീവനാണ് ഫയര്‍ഫോഴ്സ് രക്ഷിച്ചത്. ഹൃദയസ്തംഭനത്താൽ പൂർണ്ണ ബോധരഹിതനാകുന്നതിനു മുൻപ് സഹോദരനെയും കുടുംബത്തെയും സാബു വിളിച്ചു വരുത്തിയിരുന്നു. ഇവര്‍ വന്നെങ്കിലും വീടിന് അകത്തു കടക്കാനായില്ല.
സാബു ചാക്കോ വായിൽ നിന്ന് രക്തം വന്ന് ശ്വാസം വലിക്കുന്നത് പുറത്ത് സിറ്റൗട്ടിൽ നിന്ന് കാണുവാനെ ഇവർക്ക് കഴിഞ്ഞുള്ളൂ. സഹോദരനും നാട്ടുകാരും എത്തിയപ്പോഴേക്കും സാബു ബോധരഹിതനായിരുന്നു. വീടിന്റെ എല്ലാ വാതിലുകൾകൾക്കും അകത്തുനിന്നും കുറ്റിയിട്ടിരിക്കുകയും, പുറത്തേക്കുള്ള വാതിലുകൾക്കെല്ലാം രണ്ട് ഇരുമ്പ് പട്ടകൾ വീതം പിടിപ്പിച്ച് ബന്ധിച്ചിരിക്കുകയും ആയിരുന്നു. വിവരം വിളിച്ചറിയിച്ചത് അനുസരിച്ച് പാമ്പാടിയിൽ നിന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ വി വി കുമാറിന്റെ നേതൃത്വത്തിൽ എത്തിയ എത്തിയ ഫയർ ആൻഡ് റെസ്ക്യൂ ടീം അംഗങ്ങൾ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ഇരുമ്പ് പൈപ്പും ഇരുമ്പ് വലയും ഉപയോഗിച്ച് നിർമ്മിച്ചിരുന്ന ജനൽ അറത്തുമാറ്റി അകത്തു കടന്നു.
തുടര്‍ന്ന് അകത്തെ വാതിൽ ചവിട്ടി പൊളിച്ച് ആളെ പുറത്തെത്തിക്കുകയായിരുന്നു. ആംബുലൻസിൽ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം സാബുവിനെ കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സീനിയർ ഫയർ ഓഫീസർ അഭിലാഷ് കുമാർ വി എസ്, ഓഫീസർമാരായ രഞ്ജു, നിഖിൽ, ജിബീഷ് എം. ആർ, ബിന്റു ആന്റണി, ശ്രീകുമാർ നായർ, പാമ്പാടി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് സിജു കെ ഐസക്ക് എന്നിവർ രക്ഷാദൗത്യത്തിന് നേതൃത്വം നൽകി.
മുൻപ് ക്വട്ടേഷൻ സംഘം ആളുമാറി വെട്ടി പരിക്ക് ഏൽപ്പിച്ചത് സംഭവം സാബുവിന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. ഒറ്റയ്ക്ക് ജീവിക്കുന്നതിനാല്‍ പുറത്തേക്കുള്ള വാതിലുകൾക്കെല്ലാം രണ്ട് ഇരുമ്പ് പട്ടകൾ വീതം പിടിപ്പിച്ച് സുരക്ഷിതമാക്കിയിരിക്കുന്നത് അതുകൊണ്ടാണ്. ബുധനാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് എത്തിയ ഫയർ ആൻഡ് റെസ്ക്യൂ സംഘം ഒരു മണിക്കൂറോളം പണിപ്പെട്ടാണ് ആളെ പുറത്തെത്തിച്ചത്.
