Kerala News

തൃശൂര്‍ മെഡിക്കൽ കോളേജിൽ ജീവൻ രക്ഷാ മരുന്നുകൾ പോലും ലഭിക്കുന്നില്ല; പരാതി

തൃശൂര്‍: ദിനംപ്രതി ആയിരക്കണക്കിനു രോഗികള്‍ ആശ്രയിക്കുന്ന ഗവ. മെഡിക്കല്‍ കോളജ്  ആശുപത്രിയില്‍ സൗജന്യമായി നല്‍കുന്ന ജീവന്‍ രക്ഷാ മരുന്നുകള്‍ ഇല്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നതായി പരാതി. ഒപിയില്‍ നിന്ന് ഡോക്ടര്‍ കുറിച്ചുനല്‍കുന്ന മരുന്നുകളില്‍ പകുതിപോലും രോഗികള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് ആരോപണം. സര്‍ക്കാര്‍ സൗജന്യമായി 300ല്‍  പരം മരുന്നുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.  എന്നാല്‍ വിലകൂടിയ മരുന്നുകള്‍ പുറത്തുനിന്ന് വാങ്ങേണ്ട സാഹചര്യമാണ് രോഗികള്‍ക്ക്. ഭൂരിഭാഗം മരുന്നുകളും ഡയാലിസിസിനുള്‍പ്പെടെ വിലകൊടുത്ത് പുറത്തുനിന്നു വാങ്ങണം. ശസ്ത്രക്രിയക്കാവശ്യമായ വസ്തുക്കളും കിട്ടുന്നില്ലെന്നും ആരോപണം ഉയരുന്നു.

ഹൃദ്രോഗ, അസ്ഥിരോഗ വിഭാഗങ്ങളിലെ ശസ്ത്രക്രിയക്കാവശ്യമായ പല ഇംപ്ലാന്റുകളും  ആശുപത്രിയിലില്ല. പ്രമേഹ രോഗികള്‍ക്കുള്ള ഇന്‍സുലിന്‍, മെറ്റ്‌ഫോര്‍മന്‍, അയേണ്‍ കാല്‍സ്യം ഗുളികകള്‍, ഗര്‍ഭിണികള്‍ക്ക് നല്‍കുന്ന ഫോളിക് ആസിഡ് ഗുളികകള്‍, കുട്ടികള്‍ക്ക് നല്‍കുന്ന പാരസെറ്റമോള്‍ സിറപ്പ്, വേദനസംഹാരി ഗുളികകള്‍, ഓയിന്റ്‌മെന്റുകള്‍ തുടങ്ങിയ അത്യാവശ്യ മരുന്നുകള്‍ പോലും ഫാര്‍മസികളില്‍ ലഭ്യമല്ല. കൂടാതെ ഹൃദ്രോഗികള്‍ക്കും വാത രോഗികള്‍ക്കും പതിവായി ലഭിച്ചിരുന്ന മരുന്നുകള്‍ ഒന്നുംതന്നെ ലഭിക്കാതായി. 

പിഎച്ച്സികളില്‍ ഉള്ളതിനേക്കാളും കൂടുതല്‍ മരുന്നുകള്‍ ലഭ്യമല്ലാത്തതിനാല്‍ വിവിധ ജില്ലകളില്‍നിന്നും ചികിത്സയ്ക്ക് വരുന്ന രോഗികളോട് മരുന്നിന് വീടിനടുത്തുള്ള പ്രാഥിമികാരോഗ്യ കേന്ദ്രത്തില്‍ പോയാല്‍ മതിയെന്നാണ് അധികൃതര്‍ പറയുന്നെന്നും രോഗികൾ ആരോപിക്കുന്നു.   ഒരു സാമ്പത്തിക വര്‍ഷത്തേക്കുള്ള മരുന്നുകള്‍ ഓരോ സാമ്പത്തിക വര്‍ഷത്തിന്റെയും തുടക്കത്തില്‍ എത്തിക്കുകയാണ് പതിവ്. എന്നാല്‍ ഈ വര്‍ഷം ഏപ്രില്‍ പകുതിയോടെ കുറച്ച് മരുന്നുകള്‍ എത്തിയതല്ലാതെ മെഡിക്കല്‍ കോളജുകള്‍ ആവശ്യപ്പെട്ട അളവില്‍ മരുന്നുകള്‍ എത്തിയില്ല. മരുന്നുകള്‍ വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് കുടിശിക വരുത്തിയതിനാല്‍ കമ്പനികള്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് മരുന്നുകള്‍ നല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ബാധ്യത തീര്‍ക്കാതെ തന്നെ കോര്‍പ്പറേഷന്‍ പുതിയ മരുന്നു കമ്പനികളില്‍നിന്നും പുതിയ കരാര്‍ പ്രകരം മരുന്നുകള്‍ വാങ്ങുകയും ചെയ്തു. 

എന്നാല്‍ മുന്‍ കമ്പനികള്‍ വിതരണം ചെയ്തിരുന്ന മരുന്നുകള്‍  പുതിയ കമ്പനികള്‍ക്ക് ലഭിക്കാത്ത അവസ്ഥയും വന്നു. പഴയ മരുന്നുകള്‍ തീര്‍ന്നിട്ടും മെഡിക്കല്‍ കോളജിലെ ഭൂരിഭാഗം ഡോക്ടര്‍മാരും പഴയ കമ്പനിയുടെ മരുന്നുകള്‍ തന്നെയാണ് എഴുതി വിടുന്നത്.  ആ കുറിപ്പടിയുമായി ഫാര്‍മസിയില്‍ എത്തുന്ന രോഗികളെ മരുന്നില്ല എന്നുപറഞ്ഞ്  സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളിലേക്ക്  പറഞ്ഞുവിടുകയാണ്. അവിടെയാണെങ്കില്‍ ഇത്തരം വിലകൂടിയ മരുന്നുകള്‍ സുലഭവുമാണ്.  ആശുപത്രിക്ക് ആവശ്യമായ വിവിധതരം മരുന്നുകളില്‍ 60 ശതമാനം മാത്രമാണ് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വഴി  രോഗികള്‍ക്ക് സൗജന്യമായി ലഭിക്കുന്നത്.  മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വിവിധ കമ്പനികള്‍ക്കായി 400 കോടിയിലേറെ രൂപ നല്‍കാനുണ്ട്. പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ഉണ്ടാകണമെങ്കില്‍ കമ്പനികള്‍ക്ക് നല്‍കാനുള്ള കുടിശിക തീര്‍ക്കണം. എന്നാല്‍ മരുന്നുക്ഷാമം രൂക്ഷമാകുമ്പോഴും ഇക്കാര്യത്തില്‍ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്ന് രോഗികള്‍ പറയുന്നു.   

Related Posts

Leave a Reply