Kerala News

ഷോക്കേറ്റ് 19കാരന്റെ മരണം; വിശദീകരണവുമായി കെഎസ്ഇബി

കോഴിക്കോട്: കോഴിക്കോട് തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മുഹമ്മദ് റിജാസ് (19) മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി. വൈദ്യുത കേബിളിന് തകരാർ ഉണ്ടെന്ന പരാതി അന്വേഷിച്ചിരുന്നെന്നും കഴിഞ്ഞ പരിശോധന നടത്തിയപ്പോൾ തകരാർ കണ്ടെത്താനായില്ലെന്നും കെഎസ്ഇബി. മഴ പെയ്തപ്പോൾ ഉണ്ടായ പ്രശ്നമാണ് ഷോക്കേൽക്കാൻ കാരണമെന്നാണ് നിഗമനം. സംഭവത്തില്‍ വിശദമായ പരിശോധനയും അന്വേഷണവും നടത്തുമെന്നും കോവൂർ അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സന്തോഷ് പറഞ്ഞു.

ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി പ്രതികരിച്ചു. ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മരണത്തിന് പിന്നിൽ കെഎസ്ഇബിയുടെ അനാസ്ഥയാണെന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും ആരോപണം. ഇതിനിടെ പ്രതിഷേധമറിയിച്ച് കെഎസ്ഇബിയിലേക്ക് യൂത്ത് ലീഗും യൂത്ത് കോൺഗ്രസും നടത്തിയ മാർച്ചിൽ നേരിയ സംഘർഷമുണ്ടായി.

ഇന്നലെ അർധരാത്രിയിലാണ് കുറ്റിക്കാട്ടൂര്‍ പുതിയോട്ടില്‍ ആലി മുസ്ലിയാരുടെ മകന്‍ മുഹമ്മദ് റിജാസിന് വൈദ്യൂതി തൂണിൽ നിന്ന് ഷോക്കേറ്റത്. റിജാസിനെ രക്ഷപെടുത്താൻ ശ്രമിച്ച സഹോദരനും ഷോക്ക് അടിച്ചിരുന്നു. കനത്ത മഴയെ തുടര്‍ന്ന് സ്‌കൂട്ടര്‍ നിര്‍ത്തി കട വരാന്തയില്‍ കയറി നിന്നപ്പോഴാണ് കടയുടെ തൂണില്‍ നിന്നും ഷോക്കേറ്റത്.

Related Posts

Leave a Reply