തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ തര്‍ക്കമുണ്ടായ സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴിയെടുക്കാനുള്ള നീക്കവുമായി പൊലീസ്. ഡ്രൈവര്‍ യദു അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതിയിലാണ് നടപടി. മേയറുടെ രഹസ്യമൊഴിയെടുക്കാന്‍ മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് അപേക്ഷ നല്കി.
അതേസമയം കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായ കേസിലും ഊര്‍ജിതമായ അന്വേഷണം നടന്നുവരികയാണ്. കേസില്‍ ഡ്രൈവര്‍ എല്‍എച്ച് യദു,കണ്ടക്ടര്‍ സുബിന് , സ്റ്റേഷന് മാസ്റ്റര്‍ ലാല്‍ സജീവ് എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മൂവരും നല്കിയ മൊഴി പൊലീസ് വിശദമായി പരിശോധിച്ചു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി നടത്തുന്ന ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്. റിപ്പോര്‍ട്ട് ഉടന്‍ ഗതാഗത മന്ത്രിക്ക് കൈമാറും.
കെഎസ്ആര്‍ടിസി ബസ് തടഞ്ഞതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. കേസില്‍ മേയറും എംഎല്‍എയും ഉള്‍പ്പെടെ അഞ്ച് പ്രതികളാണുള്ളത്. മേയര്‍ ആര്യ രാജേന്ദ്രന്, സച്ചിന് ദേവ് എംഎല്‍എ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് എഫ്ഐആറിലുള്ളത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു കോടതിയില്‍ സമീപിച്ചതിന് പിന്നാലെയാണ് മേയര്‍ക്കും ഭര്‍ത്താവ് സച്ചിന് ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നത്.