Kerala News

സംസ്ഥാനത്ത് വേനൽ മാറി മൺസൂൺ കാലത്തിലേക്ക് കടക്കാനൊരുങ്ങവേ വൈദ്യുതി ബോർഡിൽ രൂക്ഷമായ തൊഴിലാളി ക്ഷാമം.

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മാറി മൺസൂൺ കാലത്തിലേക്ക് കടക്കാനൊരുങ്ങവേ വൈദ്യുതി ബോർഡിൽ രൂക്ഷമായ തൊഴിലാളി ക്ഷാമം. വൈദ്യുതിബോർഡിൽ ഈ മേയ് 31ന് മാത്രം വിരമിക്കാനൊരുങ്ങുന്നത് 1099 പേരാണ്. കഴിഞ്ഞ മേയിൽ 899 പേർ വിരമിച്ചിരുന്നു. കഴിഞ്ഞ വർഷം ആകെ 1300 പേരും. പുതിയ നിയമനങ്ങൾ നടക്കാത്തതിനാൽ ലൈൻമാൻമാരുടെ വലിയ കുറവുണ്ട്. രൂക്ഷമായ പ്രതിസന്ധിയാണ് ഇതുണ്ടാക്കുന്നത്.

ഇത് പരിഹരിക്കാൻ വിരമിച്ചവരെ 750 രൂപ ദിവസക്കൂലിക്ക് നിയമിക്കാനാണ് തീരുമാനം. 65 വയസ്സുവരെയുള്ള താഴെത്തട്ടിലുള്ള പുതിയ നിയമനങ്ങൾ യോഗ്യത സംബന്ധിച്ച തർക്കങ്ങൾ കാരണം കോടതി കയറി മുടങ്ങിയിരുന്നു. ഇതിനുപുറമേ, തസ്തികകളുടെ പുനഃസംഘടന പൂർത്തിയാകും വരെ ഒരു തസ്തികയിലെയും ഒഴിവുകൾ പി എസ് സി റിപ്പോർട്ട് ചെയ്യേണ്ടെന്നാണ് മാനേജ്‌മെന്റിന്റെ തീരുമാനം.

ലൈൻമാൻ, വർക്കർ തസ്തികകളിലെ ജീവനക്കാരുടെ കുറവ് വേനൽക്കാലത്ത് വലിയ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. മഴക്കാലമാകുന്നതോടെ സംസ്ഥാനമൊട്ടാകെ അറ്റകുറ്റപണികൾക്കും മറ്റും കൂടുതൽ പേരെ ആവശ്യമായി വരുന്ന സമയത്താണ് നിലവിലുള്ള തൊഴിലാളി പ്രതിസന്ധി. 750 രൂപയ്ക്ക് എത്ര പേർ ജോലിക്കെത്തുമെന്നും ആശങ്കയുണ്ട്. ആകെ 30,321 ജീവനക്കാരെയാണ് റെഗുലേറ്ററി കമ്മിഷൻ അനുവദിച്ചിട്ടുള്ളത്. നിലവിൽ 28,044 പേരാണുള്ളത്. ഇതിൽനിന്നാണ് 1099 പേർകൂടി വിരമിക്കുന്നത്. ആകെ മൊത്തം 3376 ജീവനക്കാരുടെ കുറവാണ് നിലവിലുള്ളത്.

Related Posts

Leave a Reply