Kerala News

കോഴി ഫാമിനെതിരെ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ വീട് കയറി ആക്രമണം.

ചേര്‍ത്തല: കോഴി ഫാമിനെതിരെ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ വീട് കയറി ആക്രമണം. സംഭവത്തില്‍ സ്ത്രീകളായ രണ്ടു പേര്‍ക്ക് പരുക്കേറ്റു. ചേര്‍ത്തല തെക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പറപ്പള്ളി വെളിയില്‍ സുജിത്തിന്റെ ഭാര്യ മഞ്ജു (40), മാതാവ് പ്രശോഭ സുരേന്ദ്രന്‍ (64) എന്നിവര്‍ക്കാണ് പരുക്കേറ്റത്. തിങ്കളാഴ്ച രാത്രി 9.30നായിരുന്നു സംഭവം. അയല്‍വാസികളായ അഞ്ച് സഹോദരന്‍മാരാണ് ആക്രമണം നടത്തിയതെന്ന് സുജിത്ത് പറഞ്ഞു. 

സുജിത്തിന്റെ അയല്‍വാസി മട്ടുമ്മേല്‍വെളി അനിരുദ്ധന്‍ നടത്തുന്ന കോഴി ഫാമിൽ നിന്ന് ദുര്‍ഗന്ധം വരുന്നതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കോഴി ഫാമിനെതിരെ അര്‍ത്തുങ്കല്‍ പൊലീസില്‍ സുജിത്ത് പരാതി നല്‍കി. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് ആക്രമണം നടത്തിയതെന്ന് സുജിത്ത് പറഞ്ഞു. വീട്ടുവളപ്പിനുളളിലെ പ്രാര്‍ത്ഥനാലയം ആക്രമിക്കുന്നത് തടയാനെത്തിയപ്പോഴാണ് മഞ്ജുവിനും  പ്രശോഭ സുരേന്ദ്രനും തലയ്ക്ക് പരുക്കേറ്റത്. മഞ്ജുവിന്റെ നെറ്റിയില്‍ ഉണ്ടായ പരുക്ക് സാരമുള്ളതാണെന്നും ഇതിന് തുടര്‍ ചികിത്സ വേണ്ടി വരുമെന്നും സുജിത്ത് പറഞ്ഞു. 

സംഭവത്തില്‍ സഹോദരങ്ങളായ അനിരുദ്ധന്‍, ഗിരീശന്‍, ബിനീഷ്, അജീഷ്, അനീഷ് എന്നിവര്‍ക്കെതിരെ കേസെടുത്തതായി അര്‍ത്തുങ്കല്‍ പൊലീസ് അറിയിച്ചു. 

Related Posts

Leave a Reply