പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തു. കേസ് ഡയറി എസിപി സാജു കെ എബ്രഹാം ഏറ്റെടുത്തു. കേസിന്റെ മുഴുവൻ രേഖകളും പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തു കഴിഞ്ഞു. കേസിലെ പ്രതി രാഹുൽ രണ്ട് ദിവസം മുൻപ് കോഴിക്കോട് നിന്ന് കടന്നുകളഞ്ഞതായി കണ്ടെത്തി. രാഹുലിന്റെ നീക്കങ്ങളെല്ലാം ആസൂത്രിതമായിരുന്നു. ബെംഗളൂരുവിലേക്ക് റോഡ് മാർഗമാണ് കടന്നത്.
ഏഴംഗ പ്രത്യേക അന്വേഷണ സംഘമാണ് രൂപീകരിച്ചത്. പന്തീരങ്കാവ് എസ്എച്ച്ഒ എഎസ് സരിൻ ഉൾപ്പടെ നേരത്തെ കേസ് അന്വേഷിച്ചവരെ കേസിന്റെ ചുമതലയിൽ നിന്നും ഒഴിവാക്കി. ഫറൂഖ് എസിപിക്ക് അന്വേഷണച്ചുമതല നൽകാൻ നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകിയിരുന്നു.പൊലീസ് വീഴ്ചയിലും അന്വേഷണം പ്രഖ്യാപിച്ചു. എഡിജിപി എം ആർ അജിത് കുമാർ ആണ് പൊലീസ് വീഴ്ചയിൽ അന്വേഷണത്തിന് നിർദേശം നൽകിയത്.
രാഹുലിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. പ്രതി രാഹുൽ സിംഗപ്പൂരിലേക്ക് കടന്നതയി പൊലീസിന് വിവരം ലഭിച്ചു. ബെംഗളൂരു വഴി സിംഗപ്പൂരിലേക്ക് കടന്നതായാണ് സൂചന. പന്തീരങ്കാവ് പൊലീസ് ഒത്താശയോടെയാണ് വിദേശത്ത് കടന്നതെന്നാണ് വിവരം. അതേസമയം പ്രതി രാഹുലിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.