പത്തനംതിട്ട: യുവാവ് ആൾകൂട്ട മർദ്ദനത്തിനിരയായിട്ടും പൊലീസ് പ്രതികളെ പിടികൂടുന്നില്ലെന്ന് പരാതി. മർദ്ദനത്തിൽ യുവാവിൻ്റെ നെറ്റിയ്ക്കും വാരിയെല്ലിനും പരിക്കേറ്റിരുന്നു. അക്രമിച്ചവർ പിന്തുടർന്നതിനാൽ വീണ് പരിക്കേറ്റു എന്നാണ് യുവാവ് ആശുപത്രിയിലെ ഡോക്ടറെ അറിയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് പൊലീസ് പ്രതികളെ പിടികൂടാത്തതെന്ന് യുവാവ് പറഞ്ഞു.
പത്തനംതിട്ട റാന്നിയിലാണ് സംഭവം. ആള് മാറി ഒരു കൂട്ടം യുവാക്കളുടെ സംഘം യുവാവിനെ ആക്രമിക്കുകയായിരുന്നു. ഇടി വള കൊണ്ട് മുഖത്തിടിച്ചതായും നിലത്തിട്ട് ചവിട്ടിയതായും യുവാവ് പറഞ്ഞു. ആക്രമികളിൽ നിന്നും രക്ഷപ്പെട്ട് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് യുവാവ് ചെന്നു, ആക്രമികൾ പിന്തുടർന്ന് എത്തിയതിനാൽ വീണ് പരിക്ക് പറ്റിയതെന്നാണ് യുവാവ് പറഞ്ഞത്.
തന്നെ ഒരു കൂട്ടം ആളുകൾ മർദ്ദിച്ചതാണെന്നാണ് പൊലീസിനെ യുവാവ് വിവരമറിയിച്ചത്. വീണ് പരിക്കേറ്റു എന്നല്ലേ ആശുപത്രിയിൽ പറഞ്ഞത് എന്നായിരുന്നു പൊലീസിൻ്റെ മറുചോദ്യം. തന്നെ മർദ്ദിച്ചവരുടെ മേൽവിലാസമടക്കം പൊലീസിന് നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലന്നും യുവാവ് പറഞ്ഞു. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്കും യുവാവ് പരാതി നൽകി. പരാതിയിൽ അന്വേഷണം നടത്താൻ ജില്ലാ പൊലീസ് മേധാവി റാന്നി പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
