Kerala News

താമരശ്ശേരിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവിനെ ഗൃഹനാഥന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു.

കോഴിക്കോട്: താമരശ്ശേരിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവിനെ ഗൃഹനാഥന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഭാര്യയുടെ ആണ്‍സുഹൃത്തിനെയാണ് ഭര്‍ത്താവ് വെട്ടിയത്. അരീക്കോട് സ്വദേശിയായ ലുഹൈബ് എന്ന യുവാവിനാണ് തലയില്‍ വെട്ടേറ്റത്.

താമരശ്ശേരി അമരാടാണ് ചൊവ്വാഴ്ച പുലര്‍ച്ചയോടെ നാടകീയ സംഭവങ്ങള്‍ നടന്നത്. യുവതിയും ഭര്‍ത്താവും മുറിയില്‍ ഇരിക്കെയാണ് ലുഹൈബ് വീടിനകത്ത് കയറി വന്ന് യുവതിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചത്. ഇതു കണ്ട് പെട്ടെന്നുളള പ്രകോപനത്തില്‍ ലുഹൈബിനെ യുവതിയുടെ ഭര്‍ത്താവ് വെട്ടുകത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. മുറിയിലുണ്ടായിരുന്ന ടേബിള്‍ ഫാന്‍ കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു. തലക്കുള്‍പ്പെടെ പരിക്കേറ്റ ലുഹൈബ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

സംഭവത്തെക്കുറിച്ച് പൊലീസ് പറഞ്ഞത്: ‘യുവതിയും ലുഹൈബും തമ്മില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പരിചയം. യുവതിയെയും കുഞ്ഞിനേയും കാണാനില്ലെന്നു പറഞ്ഞ് മൂന്നു ദിവസം മുമ്പ് ഭര്‍ത്താവ് താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കൂട്ടുകാരിയുടെ വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞ് രണ്ടുവയസ്സുളള കുഞ്ഞുമായി യുവതി വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് തിരിച്ചെത്തിയില്ലെന്നായിരുന്നു പരാതി. ഇതിനിടെ, ലുഹൈബിന്റെ വീട്ടിലെത്തിയ യുവതിയുമായി ഇയാളുടെ മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി. യുവതിയെ പൊലീസിടപെട്ട് വീട്ടിലേക്ക് തിരിച്ചയച്ചു. ഇവര്‍ക്ക് തൊട്ടുപുറകേ, ലുഹൈബ് യുവതിയുടെ വീട്ടിലെത്തുകയായിരുന്നു.’

ആക്രമണത്തെ തുടര്‍ന്ന് ഓടി രക്ഷപ്പെട്ട ആണ്‍സുഹൃത്തിനൊപ്പം യുവതിയും വീടുവിട്ടിറങ്ങി. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ലുഹൈബിനും യുവതിയുടെ ഭര്‍ത്താവിനും എതിരായി താമരശ്ശേരി പൊലീസ് വെവ്വേറെ കേസുകളെടുത്തിട്ടുണ്ട്. ലുഹൈബ് സംഭവസമയത്ത് ലഹരി ഉപയോഗിച്ചിരുന്നതായാണ് പൊലീസ് നിഗമനം.

Related Posts

Leave a Reply