ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവാനന്തര ചികിത്സക്കിടെ യുവതി മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവില്ലെന്ന് റിപ്പോര്‍ട്ട്. അന്വേഷണത്തിനായി നിയോഗിച്ച ഡോക്ടര്‍മാരുടെ സമിതിയാണ് പിഴിവില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയത്. കരൂര്‍ തൈവേലിക്കകം ഷിബിന (31) മരിച്ച സംഭവത്തിലാണ് ഡോക്ടര്‍മാര്‍ക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയത്. സര്‍ജറി വിഭാഗം മേധാവി ഡോ.സജികുമാര്‍ ചെയര്‍മാനായ സമിതിയാണ് അന്വേഷണം നടത്തിയത്. കേസ് ഷീറ്റ് പൊലീസിന്റെ കൈവശമായതിനാല്‍ അതുമായി ബന്ധപ്പെട്ട് സംഘത്തിന് അന്വേഷണം നടത്താനായിട്ടില്ല. മാര്‍ച്ച് 21ാം തീയതിയായിരുന്നു ഷിബിനയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 26ാം തീയതി പെണ്‍കുഞ്ഞ് ജനിച്ചു. പിന്നാലെ ഷിബിനയെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തെങ്കിലും കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ ആശുപത്രിയില്‍ തുടര്‍ന്നു. ഡിസ്ചാര്‍ജ് ചെയ്യുന്ന ഘട്ടത്തില്‍ അവശതകളെപ്പറ്റി ഡോക്ടര്‍മാരോട് പറഞ്ഞെങ്കിലും കാര്യത്തിലെടുത്തില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
ആരോഗ്യവസ്ഥ മോശമായതിനെ തുടര്‍ന്ന് ഷിബിനയെ ഈ മാസം ആദ്യം വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഡയാലിസിസിന് ഉള്‍പ്പടെ വിധേയാക്കി. ഗുരുതരാവസ്ഥയെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഏപ്രില്‍ 28 ന് മരണപ്പെടുകയായിരുന്നു. ആശുപത്രി ജീവനക്കാരുടെ അശ്രദ്ധമൂലമുണ്ടായ അണുബാധയാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
