Kerala News

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊല്ലം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യത തുടരും. 24 മണിക്കൂർ കൂടി സമാന സാഹചര്യമാണ് ഉണ്ടാകുക. മുന്നറിയിപ്പുള്ള ജില്ലകളിൽ പ്രത്യേക ജാഗ്രത വേണമെന്നും കാലാവസ്ഥാ വിഭാ​ഗം നിർദ്ദേശം നൽകിയിട്ടുണ്ട്. സാധാരണയേക്കാൾ നാല് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയായിരിക്കും ഉണ്ടായിരിക്കുക, പാലക്കാട്‌ ജില്ലയിലെ ഉയർന്ന താപനില 41ഡി​ഗ്രി സെൽഷ്യസും തൃശൂർ 40, കൊല്ലം 39 ഡി​ഗ്രി സെൽഷ്യസുമാണ്.

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പല ജില്ലകളും കനത്ത ചൂട് അനുഭവപ്പെടും. മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു. ചൂട് കൂടുന്ന സാഹചര്യങ്ങളിൽ തൊഴിലിടങ്ങളിൽ പ്രത്യേക പരിശോധനയും നടക്കും. അതേസമയം നിലവിലെ കാലാവസ്ഥാ സാഹചര്യം പൊതുസമൂഹം പ്രതീക്ഷിക്കാത്തതും അനുഭവമില്ലാത്തതുമായതിനാൽ നല്ല ശ്രദ്ധ വേണമെന്ന് ദുരന്തനിവാരണ അതോറിറ്റി അംഗം ശേഖ‍ർ കുര്യാക്കോസ്. സാധാരണയായി ഉണ്ടാകാറുള്ള ചൂടിനെപ്പോലെ ഇതിനെ സമീപിച്ചാൽ മരണം വരെ സംഭവിക്കാം. എന്നാൽ സൂക്ഷ്മതയോടെ നി‍ർദ്ദേശങ്ങൾ പാലിച്ചാൽ ഇതും നമുക്ക് അതിജീവിക്കാനാകുമെന്നും ശേഖർ കുര്യാക്കോസ് പറഞ്ഞു.

വ്യക്തി സുരക്ഷയാണ് ഇതിൽ ഏറ്റവും പ്രധാനം. 11 മണി മുതൽ മൂന്ന് മണി വരെയുള്ള വെയിൽ കൊള്ളാതിരിക്കണം. പ്രത്യേകിച്ച് ഓറഞ്ച് അലേർട്ട് ഉള്ള പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. മറ്റുള്ളിടത്ത് കുട ഉപയോ​ഗിക്കാമെങ്കിലും കഴിയുന്നതും ഒഴിവാക്കണം. സംസ്ഥാനത്ത് ഇന്ന് യെല്ലോ അലേർട്ട് ആണ്. ഇതുവരെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല. ചിലപ്പോൾ ഈ സാഹചര്യം മാറിയേക്കാം. ഇക്കാര്യം ദുരന്തനിവാരണ അതോറിറ്റി അറിയിക്കും. അപ്പോൾ നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Related Posts

Leave a Reply