മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരായ പരസ്യവിചാരണ ടെസ്റ്റിൽ തിരുവനന്തപുരം മുട്ടത്തറയിലെ ടെസ്റ്റിൽ മുഴുവൻ ഉദ്യോഗസ്ഥരും പരാജയപ്പെട്ടു. മൂന്ന് ഉദ്യോഗസ്ഥർ റോഡ് ടെസ്റ്റ് പൂർത്തിയാക്കിയെങ്കിലും ഗ്രൗണ്ട് ടെസ്റ്റിൽ പരാജയപ്പെട്ടു. ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉറപ്പെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 15 മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെയാണ് വിളിച്ചുവരുത്തി ടെസ്റ്റ് നടത്തിയത്.
ഗതാഗത മന്ത്രിയുടെ നിർദ്ദേശം ലംഘിച്ച് ദിവസം നൂറിലധികം ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തിയതിനാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ പരസ്യ വിചാരണയ്ക്ക് വിധേയമാക്കിയത്. 15 ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി ഡ്രൈവിംഗ് ടെസ്റ്റ് നടത്തുകയായിരുന്നു. മുട്ടത്തറ ഗ്രൗണ്ടിലാണ് ഗതാഗത മന്ത്രിയുടെ നിർദ്ദേശപ്രകാരം വിചാരണ ടെസ്റ്റ് നടത്തിയത്. കഴിഞ്ഞ മൂന്ന് മാസമായി സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥരെ മോട്ടോർ വാഹന വകുപ്പ് നിരീക്ഷിച്ചു വരികയായിരുന്നു. അറുപതോളം ഉദ്യോഗസ്ഥർ പ്രതിദിനം നൂറിലധികം ടെസ്റ്റുകൾ നടത്തി എന്നാണു കണ്ടെത്തൽ. ഇതിൽ വിവിധ ജില്ലകളിൽ നിന്നുള്ള 15 മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെയാണ് മുട്ടത്തറയിൽ വിളിച്ചു വരുത്തി വിചാരണ ടെസ്റ്റ് നടത്തിയത്. മോട്ടോർ വാഹന വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരാണ് ടെസ്റ്റിന് നേതൃത്വം നൽകിയത്. ഇത്രയും ടെസ്റ്റുകൾ എങ്ങനെ നടത്തിയെന്ന് ഉദ്യോഗസ്ഥർ പരിശോധിക്കുകയായിരുന്നു.