India News Sports

രണ്ടാം ടി-20യിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും – പരമ്പര വിജയത്തിന് ഇന്ത്യ

അയർലൻഡിനെതിരായ രണ്ടാം ടി-20യിൽ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ അയർലൻഡ് ക്യാപ്റ്റൻ പോൾ സ്റ്റെർലിങ്ങ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളിലും മാറ്റങ്ങളില്ല. ആദ്യ കളി ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ രണ്ട് റൺസിനു വിജയിച്ചതിനാൽ ഇന്നത്തെ കളി അയർലൻഡിനു നിർണായകമാണ്.

ഏകദേശം ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ജഴ്സി അണിഞ്ഞ പേസർ ജസ്പ്രീത് ബുംറയിൽ തന്നെയാണ് ഇന്ത്യൻ പ്രതീക്ഷ. ആദ്യ മത്സരത്തിൽ തകർപ്പൻ ബൗളിം​ഗ് പുറത്തെടുത്ത ബുംറ തന്റെ പ്രതിഭയ്ക്ക് കോട്ടം തട്ടിയിട്ടില്ലെന്ന് തെളിയിച്ചിരുന്നു. ആദ്യ രാജ്യാന്തര ടി20 കളിച്ച പ്രസീദ് കൃഷ്ണയും ഇരട്ട വിക്കറ്റുമായി തിളങ്ങിയിരുന്നു. ബാറ്റിങ്ങിൽ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. ആദ്യ ട്വന്റി 20 യിൽ 6.5 ഓവർ മാത്രമാണ് ഇന്ത്യയ്ക്ക് ബാറ്റ് ചെയ്യാൻ കഴിഞ്ഞത്. ഇന്നത്തെ മത്സരത്തിന് 17 ശതമാനം മഴ സാധ്യതയാണുള്ളത്.

മറുവശത്ത് ആദ്യ മത്സരത്തില്‍ തകർന്ന മുൻനിരയാണ് ഐറീഷ് ആശങ്ക. 59 റൺസിനിടെ ആറ് വിക്കറ്റ് നഷ്ടമായിട്ടും ഭേദപ്പെട്ട സ്കോറിലെത്തിയതാണ് ഏക ആശ്വാസം. ട്വന്‍റി 20യിൽ അയർലൻഡുമായി ഇതുവരെ കളിച്ച ആറ് മത്സരത്തിലും ഇന്ത്യക്കാണ് ജയം. ആദ്യ മത്സരത്തിൽ മഴ എത്തുമ്പോൾ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ശേഷിക്കെ 97 റൺസ് വിജയത്തിന് വേണമായിരുന്നു. 13.1 ഓവറായിരുന്നു ബാക്കി ഉണ്ടായിരുന്നത്. മഴയേത്തുടർന്ന് ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്കെതിരെ പൊരുതാൻ ഐറിഷ് ബൗളിങ് നിരയ്ക്ക് സാധിച്ചിരുന്നില്ല. ഇന്നത്തെ മത്സരത്തിൽ ഐറിഷ് ബൗളിങ്ങ് നിരയ്ക്ക് ഇന്ത്യൻ ബാറ്റിങ് ലൈനപ്പിനെ വെല്ലുവിളിക്കാൻ അവസരമുണ്ട്.

Related Posts

Leave a Reply