International News

അമേരിക്കൻ പൊലീസിന്റെ അതിക്രമത്തിൽ ഒരു കറുത്ത വർഗക്കാരൻ കൂടി മരിച്ചു

ന്യൂയോർക്ക്: 2020ലെ ജോർജ് ഫ്‌ളോയിഡിന്റെ മരണത്തിന് സമാനമായി ഒരു സംഭവം കൂടി അമേരിക്കയിൽ റിപ്പോർട്ട് ചെയ്‌തു. ഫ്രാങ്ക് ടൈസൺ എന്ന 53 കാരനാണ് പൊലീസിന്റെ അക്രമത്തിനിരയായി കൊല്ലപ്പെട്ടത്. ഏപ്രിൽ 18 ന് ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടുന്നതിനിടയിലാണ് ടൈസണ്‍ മരിച്ചതെന്നാണ് റിപ്പോർട്ട്. പൊലീസ് ഓഫീസറുടെ ബോഡി ക്യാമറയിൽ പതിഞ്ഞ ദൃശ്യത്തിൽ ഫ്രാങ്ക് ടൈസൺ വാഹന അപകടത്തിന് ശേഷം ഒരു റെസ്റ്റോറന്റിലേക്ക് ഓടി പോകുന്നതാണ് കാണുന്നത്. അവിടെ നിന്നും ടൈസണെ കഴുത്തില്‍ മുട്ട് വെച്ച് കീഴ്പ്പെടുന്നതിനിടെ തനിക്ക് ശ്വസിക്കാൻ കഴിയില്ലെന്ന് ടൈസൺ ആവർത്തിച്ച് പറയുന്നുണ്ട്. ശേഷം ടൈസൺ നിലത്തേക്ക് വീഴുന്നു. ഉടൻ തന്നെ പാര മെഡിക്കുകളെയെത്തിച്ച് അദ്ദേഹത്തെ രക്ഷപ്പെടുത്താൻ പൊലീസ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം ഒരു പ്രാദേശിക ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. ശ്വാസ തടസ്സമാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ടൈസൺ സംഭവത്തിൽ ഉൾപ്പെട്ട കാൻ്റൺ പൊലീസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫീസർമാരായ ബ്യൂ ഷോനെഗ്ഗ്, കാംഡൻ ബർച്ച് എന്നിവരെ തിരിച്ചറിഞ്ഞതായി ഒഹായോ ബ്യൂറോ ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് ചെയ്തു. ഒഹായോ ബ്യൂറോ ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ (ഒസിഐ) സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണ്.

നാല് വർഷങ്ങൾക്ക് മുമ്പ് ജോർജ് ഫ്ലോയ്ഡ് സമാന സാഹചര്യത്തിൽ കൊല്ലപ്പെട്ടത് അന്തർദേശീയ തലത്തിൽ തന്നെ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഡെറക് ഷോവിൻ എന്ന വെള്ളക്കാരനായ ഉദ്യോഗസ്ഥൻ ഒമ്പത് മിനിറ്റിലേറെ നേരം ഫ്ലോയിഡിൻ്റെ കഴുത്തിൽ മുട്ടുകുത്തി നിൽക്കുന്നതും കറുത്തവനായ ഫ്ലോയിഡ് തൻ്റെ ജീവനുവേണ്ടി യാചിക്കുന്നതുമായ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ഷോവിനും അദ്ദേഹത്തിൻ്റെ മൂന്ന് സഹ ഓഫീസർമാരും ഒടുവിൽ നരഹത്യയ്ക്കും മറ്റ് കുറ്റകൃത്യങ്ങൾക്കും ശിക്ഷിക്കപ്പെട്ടു.

Related Posts

Leave a Reply