കണ്ണൂര്‍: ഇ പി ജയരാജന് ബിജെപിയിലേക്ക് പോകാന്‍ ചര്‍ച്ച നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തന്റെ വോട്ട് രേഖപ്പെടുത്തി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍, തന്റെ കൂട്ടുകെട്ടില്‍ ജാഗ്രത പുലര്‍ത്താന്‍ ജയരാജന് ശ്രദ്ധിക്കണമെന്നും പിണറായി പറഞ്ഞു. ഒരുപാട് സുഹൃദ് ബന്ധമുള്ളയാളാണ് ജയരാജന്. ഇത്തരം സൗഹൃദങ്ങളില്‍ ജാഗ്രത പുലര്‍ത്തണം. ദല്ലാള്‍ നന്ദകുമാറുമായുള്ള ജയരാജന്റെ സൗഹൃദത്തെ സൂചിപ്പിച്ചാണ് പിണറായി പരാമര്‍ശം നടത്തിയത്. ശിവന് പാപിക്കൊപ്പം ചേര്‍ന്നാല്‍ ശിവനും പാപിയാകുമെന്നും പിണറായി പറഞ്ഞു.
ജയാരനെതിരെ ശക്തമായ ഗൂഡാലോചന നടന്നിട്ടുണ്ട്. ഗൂഡാലോചനക്കു പിന്നില്‍ പ്രത്യേക ശക്തികളുണ്ട്. ജയരാജന് പാര്‍ട്ടിയുടെ സമുന്നതനായ നേതാവാണ്. ഒരുപാട് പരീക്ഷണങ്ങള്‍ നേരിട്ട നേതാവാണ് അദ്ദേഹം. ഇപ്പോള്‍ ജയരാജനെതിരെ നടക്കുന്നത് തിരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള തെറ്റായ പ്രചാരണമാണ്. അതിനെ അങ്ങനെയേ കാണാനാകു.
ഈ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടും. ബിജെപിക്കെതിരെ ജനമുന്നേറ്റം ദൃശ്യമാണ്. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല. കേരളത്തില്‍ ബിജെപിക്ക് നേരത്തെ തന്നെ സ്വീകാര്യതയില്ല. ഒരു മണ്ഡലത്തിലും ബിജെപിക്ക് രണ്ടാം സ്ഥാനം നേടാനാവില്ല. അവര്‍ സംസ്ഥാനത്ത് വലിയ പ്രചാരണം നടത്തുന്നുണ്ടെങ്കിലും ഒരിടത്തും രണ്ടാം സ്ഥാനത്തുപോലും എത്താനാകില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. കുടുംബത്തോടൊപ്പമാണ് പിണറായി തന്റെ വീടിനടുത്തുള്ള പോളിങ്ങ് ബൂത്തില്‍ വോട്ടുചെയ്യാനെത്തിയത്.