എൽ.ഡി.എഫ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കോഴിക്കോട്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള എല്‍.ഡി.എഫ് നേതാക്കൾ ഇന്ന് കോഴിക്കോട് ജില്ലയിലെ വിവിധ പൊതുയോഗങ്ങളില്‍ പങ്കെടുക്കും. രാവിലെ പത്തിന് കാക്കൂരിലെ എല്‍.ഡി.എഫ് പൊതുയോഗമാണ് മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി. കൊടുവള്ളിയിലെയും, കുണ്ടായിത്തോടിലെയും എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും. സി.പി.എം പി.ബി അംഗവും സി.ഐ.ടി.യു അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായ തപൻസെൻ വടകരയിലും പേരാമ്പ്രയിലും ചേമഞ്ചേരിയിലും എല്‍.ഡി.എഫ് റാലികളിൽ പങ്കെടുക്കും.
ഇന്നലെ മുഖ്യമന്ത്രി പൊന്നാനിയിലെ ലോക്‌സഭാ മണ്ഡലത്തിൽ നടന്ന പൊതുയോഗങ്ങളിൽ പങ്കെടുത്തു. നാടിന്റെ പ്രശ്നങ്ങളുയർത്താനും സമരങ്ങളിൽ നേതൃത്വമാവാനും കെ എസ് ഹംസക്ക് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി. കെ എസ് ഹംസ പൊന്നാനിയുടെ സ്വന്തം നേതാവാണ് എന്ന് മുഖ്യമന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. ജന വിരുദ്ധ വർഗീയ ശക്തികൾ രാജ്യത്ത് വലിയ വെല്ലുവിളികളുയർത്തുന്ന ഇക്കാലത്ത് മതനിരപേക്ഷ കേരളത്തിന്റെ ഉറച്ച ശബ്ദമാവാൻ അദ്ദേഹത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.