Kerala News

തിരുവനന്തപുരത്ത് വാഹന പരിശോധനയ്ക്കിടെ കാറിൽ വന്ന യുവാക്കളിൽ നിന്ന് ന്യൂജെൻ മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹന പരിശോധനയ്ക്കിടെ കാറിൽ വന്ന യുവാക്കളിൽ നിന്ന് ന്യൂജെൻ മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും പിടികൂടി. കാട്ടാക്കട കുളതുമ്മൽ ചൂണ്ടുപലക ഭാഗത്ത്‌ നിന്നാണ് എക്സൈസ് സംഘം മയക്കുമരുന്നുമായി യുവാക്കളെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശി അബിൻ സി.ബി (26 വയസ്സ് ), തിരുവനന്തപുരം ചൂഴമ്പാല സ്വദേശി ജിതിൻ (26), നെടുമങ്ങാട്‌ കരിപ്പൂർ സ്വദേശി അഖിൽ (26) എന്നിവരാണ് പിടിയിലായത്.

ഇവരിൽ നിന്നും 1.056 ഗ്രാം എംഡിഎംഎ, 10 ഗ്രാം കഞ്ചാവ് എന്നിവ  കണ്ടെടുത്തു. ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡിന്‍റെ പരിശോധനയിലാണ് യുവാക്കൾ കുടുങ്ങിയത്. പാർട്ടിയിൽ ഗ്രേഡ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ  രാജേഷ് കുമാർ, പ്രിവന്റീവ്  ഓഫീസർ സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിപിൻ, കൃഷ്ണ പ്രസാദ്, സുരേഷ് ബാബു, നന്ദകുമാർ, ഷമീർ പ്രബോധ് എന്നിവർ പങ്കെടുത്തു.

മറ്റൊരു കേസിൽ പാലക്കാട് ചില്ലറ വില്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി വയോധിക പിടിയിൽ. എക്സൈസ്  ഇന്റലിജിൻസ് അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ആർ. എസ് സുരേഷ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അട്ടപ്പാടി പാടവയൽ പാലൂർ ഊരിലെ ഒരു വീടിന് സമീപത്ത്  നിന്നാണ് 1.9 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. പ്രതി നഞ്ചി എന്ന് പേരുള്ള സ്ത്രീയെ അറസ്റ്റ് ചെയ്തു. അഗളി മേഖലയിൽ  ചില്ലറ വില്പനക്കായി എത്തിച്ചതാണ് കഞ്ചാവ്. 

ഇലക്ഷൻ സ്‌പെഷ്യൽ ഡ്രൈവ് പ്രമാണിച്ചു ഊരുകൾ കേന്ദ്രീകരിച്ചും വനപ്രദേശങ്ങൾ കേന്ദ്രീകരിച്ചും വനംവകുപ്പിന്റെ സഹായത്തോടെ വ്യാപകമായ പരിശോധനകളാണ് നടന്നു വരുന്നത്. മണ്ണാർക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആദർശ് എസ്.ബി നേതൃത്വം നൽകിയ സംഘത്തിൽ അസ്സി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വിനോദ് എം.പി, പ്രഭ ജി, സി.ഇ.ഒ മാരായ അലി അസ്കർ, പ്രദീപ്, ഭോജൻ, സുധീഷ് കുമാർ, വനിത സിവിൽ എക്സൈസ് ഓഫീസർ സാഹിറ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർമാരായ അനൂപ്, ജയപ്രകാശ് എന്നിവർ പങ്കെടുത്തു.

Related Posts

Leave a Reply