ബാറ്റ് ചെയ്യാനിറങ്ങിയവരെല്ലാം പവലിയനിൽ തിരിച്ച് കയറുന്നതിൽ മത്സരിച്ചപ്പോൾ ആരാധകർക്ക് പോലും വിശ്വസിക്കാനാകാതെ തകർന്ന് ഗുജറാത്ത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് പതിനെട്ടാം ഓവറിന്റെ മൂന്നാം പന്തിൽ വെറും 89 റൺസ് നേടി പുറത്തായി. മറുപടി ബാറ്റിങ്ങിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമുണ്ടായാലും വിജയം 4 വിക്കറ്റ് നഷ്ടത്തിൽ ഒൻപതാം ഓവറിൽ ഡൽഹി പിടിച്ചെടുത്തു.
20 റൺസ് നേടിയ ജേക്ക്സ് ടോപ് സ്കോററായി. 11 പന്തിൽ 16 റൺസ് നേടി ക്യാപ്റ്റൻ പന്തും ഒൻപത് പന്തിൽ ഒൻപത് റൺസ് നേടി സുമിത്തും ഡൽഹി നിരയിൽ പുറത്താകാതെ നിന്നു. ഇന്നത്തെ മത്സരത്തിൽ ഗുജറാത്തിനായി ആദ്യ ഇലവനിൽ ഇടം നേടിയ സന്ദീപ് വാര്യർ രണ്ട് വിക്കറ്റ് സ്വന്തമാക്കി.
ഗുജറാത്ത് നിരയിൽ മൂന്ന് പേർ മാത്രമാണ് രണ്ടക്കം കടന്നത്. 31 റൺസ് നേടിയ റാഷിദ് ഖാനാണ് ടോപ് സ്‌കോറർ . ടീം സ്കോർ 11 ൽ നിൽക്കെ ഗില്ലിന്റെ വിക്കറ്റ് നഷ്ടത്തിൽ തുടങ്ങിയ വിക്കറ്റ് വീഴ്ച്ച പതിനെട്ടാം ഓവറിന്റെ മൂന്നാം പന്തിൽ അവസാന വിക്കറ്റ് വെറും 89 റൺസിൽ വീണപ്പോളാണ് അവസാനിച്ചത്. ഡൽഹി ബൗളർമാരിൽ മുകേഷ് കുമാർ മൂന്നും , ഇഷാന്ത് ശർമയും സ്റ്റബ്സും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി . മറുപടി ബാറ്റിങ്ങിൽ 67 റൺസിന് ഡൽഹിയുടെ 4 വിക്കറ്റ് ഗുജറാത്ത് വീഴ്ത്തിയതാണ് പക്ഷെ വിജയത്തിന് അത് പോരായിരുന്നു. ഗുജറാത്ത് ബൗളർമാരിൽ സന്ദീപ് വാര്യർ രണ്ടും റാഷിദും സ്പെൻസറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി