തിരുവനന്തപുരം: ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നടിയും നര്‍ത്തകിയുമായ ശോഭന സംസ്ഥാനത്തെത്തും. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖരന്റെ പ്രചാരണ പരിപാടിയില്‍ ശോഭന പങ്കെടുക്കും. രാജീവ് ചന്ദ്രശേഖരന് വോട്ട് തേടി നെയ്യാറ്റികരയില്‍ സംഘടിപ്പിക്കുന്ന റോഡ് ഷോയിലായിരിക്കും ശോഭന പങ്കെടുക്കുക. നാളെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് പരിപാടിയിലും ശോഭനയെത്തും.
ശോഭന നല്കുന്ന പിന്തുണയില്‍ സന്തോഷമുണ്ടെന്ന് കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. ശോഭന എല്ലാവര്ക്കും പ്രചോദനം നല്കുന്ന താരം. രാജ്യത്ത് പുരോഗതി വേണം, മാറ്റം വേണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നടി ശോഭനയ്ക്ക് രാജീവ് ചന്ദ്രശേഖര്‍ വിഷു കൈനീട്ടം നല്കി.
അതേസമയം സജീവ രാഷ്ട്രീയത്തിലേക്ക് ഉണ്ടോയെന്ന ചോദ്യത്തിന് ആദ്യം മലയാളം പഠിക്കട്ടെയെന്നായിരുന്നു മറുപടി. മലയാളം പറയാനും പ്രസംഗിക്കാനും പഠിക്കട്ടെ. ഇപ്പോള്‍ നടി മാത്രമാണ്. ബാക്കിയെല്ലാം പിന്നീടെന്നും ശോഭന പ്രതികരിച്ചു.