Kerala News

തൃശൂര്‍ പൂരം എഴുന്നള്ളിപ്പ്; വിവാദ നാട്ടാന സര്‍ക്കുലര്‍ തിരുത്തുമെന്ന് വനംവകുപ്പ്

സിസിഎഫിന്റെ വിവാദ നാട്ടാന സര്‍ക്കുലര്‍ തിരുത്താന്‍ വനംമന്ത്രി എ കെ ശശീന്ദ്രന്റെ നിര്‍ദേശം. തൃശൂര്‍ പൂരത്തില്‍ ആനകളുടെ എഴുന്നള്ളിപ്പില്‍ വിവിധ ദേവസ്വം ബോര്‍ഡുകള്‍ ഉത്കണ്ഠ അറിയിച്ച സാഹചര്യത്തിലാണ് തീരുമാനം. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ സര്‍ക്കുലര്‍ തിരുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. പൂരം എഴുന്നള്ളിപ്പില്‍ ആനയുടെ 50 മീറ്റര്‍ പരിധിയില്‍ താളമേളം പാടില്ലെന്ന നിര്‍ദേശം ഭേദഗതി ചെയ്യാനാണ് നീക്കം. ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി പുതിയ സര്‍ക്കുലര്‍ ഇറക്കും. അപ്രായോഗിക നിര്‍ദേശങ്ങള്‍ തിരുത്തുന്നത് ഉള്‍പ്പെടെ ആനകളുടെ സംരക്ഷണവും ഉറപ്പാക്കും. വിവാദമായ മറ്റ് നിര്‍ദേശങ്ങളിലും ചര്‍ച്ചയുണ്ടാകുമെന്ന് വനംവകുപ്പ് വ്യക്തമാക്കി. സര്‍ക്കുലര്‍ വേഗത്തില്‍ തയ്യാറാക്കിയത് മൂലമാണ് അപ്രായോഗികമായ നിര്‍ദേശങ്ങള്‍ ഉള്‍പ്പെട്ടതെന്നാണ് വനംവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. പൂരത്തിനെത്തിക്കുന്ന ആനകളുടെ പട്ടികയും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കാന്‍ ഹൈകോടതി നിര്‍ദേശം നല്‍കി. ഈ മാസം 16ന് റിപ്പോര്‍ട്ട് നല്‍കാന്‍ വനംവകുപ്പിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ആനകളെ പരിശോധിക്കണമെന്ന് നിര്‍ദേശമുണ്ട്. അതേസമയം തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കണോ എന്ന കാര്യത്തില്‍ 17ന് തീരുമാനമെടുക്കും.

Related Posts

Leave a Reply