പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നിലവിലെ 20 പ്രതികള്‍ക്ക് പുറമെ കൂടുതല്‍ പ്രതികളുണ്ടാകുമെന്ന് സൂചന. കേസിലെ സിബിഐ എഫ്‌ഐആറിലാണ് ഇത് സംബന്ധിച്ച സൂചനയുള്ളത്. ഡല്‍ഹി SC 2 പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിബിഐ ഇന്‍സ്‌പെക്ടര്‍ സത്യപാല്‍ യാദവാണ് അന്വേഷണ സംഘത്തിന്റെ തലവന്‍. കോളജിലെ ഹോസ്റ്റലില്‍ പ്രാഥമിക പരിശോധന സിബിഐ സംഘം പൂര്‍ത്തിയാക്കി. ഇന്നലെ ഉച്ചയോടെയാണ് സിബിഐ ഉദ്യോഗസ്ഥര്‍ പൂക്കോട് കോളേജിലെത്തിയത്. സിദ്ധാര്‍ത്ഥനെ ആള്‍ക്കൂട്ട വിചാരണ നടത്തിയ മുറികളും മരിച്ച നിലയില്‍ കണ്ടെത്തിയ ഡോര്‍മെറ്ററിയിലെ കുളിമുറിയും അടക്കം സംഘം പരിശോധിച്ചു. ഡല്‍ഹിയില്‍ നിന്നുള്ള നാല് പേര്‍ക്ക് പുറമെ കൂടുതല്‍ മലയാളികളായ ഉദ്യോഗസ്ഥര്‍ അടുത്ത ദിവസം തന്നെ അന്വേഷണസംഘത്തിന്റെ ഭാഗമാകും. നാളെയാണ് സിദ്ധാര്‍ത്ഥന്റെ ബന്ധുക്കളോട് മൊഴി രേഖപ്പെടുത്താനായി വയനാട്ടിലെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഈ മൊഴികള്‍ രേഖപ്പെടുത്തിയ ശേഷമാകും മറ്റ് നടപടിക്രമങ്ങളിലേക്ക് അന്വേഷണസംഘം കടക്കുക. ഇന്നലെയും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കല്‍പ്പറ്റ ഡിവൈഎസ്പി ടി എന്‍ സജീവുമായി സിബിഐ സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇന്ന് മുതല്‍ പൂക്കോട് കോളേജില്‍ സിറ്റിംഗ് നടത്തുന്നുണ്ട്. അഞ്ച് ദിവസം കമ്മീഷന്‍ പൂക്കോട് ഉണ്ടാകും. അധ്യാപകര്‍, വിദ്യര്‍ത്ഥികള്‍, അനധ്യാപകര്‍, മറ്റ് ജീവനക്കാര്‍ എന്നിവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് തയാറാക്കും.
