സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ഓരോ ദിവസവും ഉപഭോഗം കുതിച്ചുയരുകയാണ്. ഇന്നലെ ഉപയോഗിച്ചത് 104.64 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ഇതോടെ സംസ്ഥാനത്ത് വൈദ്യുതി സര്‍ചാര്‍ജും വര്‍ധിക്കുമെന്ന് ഉറപ്പായി. ഈ മാസം വൈദ്യുതി വാങ്ങാന്‍ ബോര്‍ഡ് അധികമായി ചെലവഴിച്ചത് 256 കോടി രൂപയാണ്.
സംസ്ഥാനത്ത് വേനല്‍രൂക്ഷമായതോടെ ഓരോ ദിവസവും വൈദ്യുതി ഉപഭോഗം കുത്തനെ വര്‍ധിക്കുകയാണ്. ചൊവ്വാഴ്ച 103.86 ദശലക്ഷം യൂണിറ്റായിരുന്നെങ്കില്‍ ഇന്നലെ ഉപയോഗം 104.63 ദശലക്ഷം യൂണിറ്റെന്ന സര്‍വകാല റെക്കോര്‍ഡിലെത്തി. ഇതോടെ സംസ്ഥാനത്ത് വൈദ്യുതി സര്‍ചാര്‍ജ് വീണ്ടും വര്‍ധിക്കുമെന്ന് ഉറപ്പായി. ഉപയോഗം വര്‍ധിച്ചതോടെ ബോര്‍ഡിന്റെ ചെലവും വര്‍ധിച്ചു. പ്രതിദിനം വൈദ്യുതി വാങ്ങാന്‍ അധികമായി ചെലവാകുന്നത് 9.5 കോടി രൂപയാണ്. ഈ മാസം ഇതുവരെ 256 കോടയിലധികം രൂപയാണ് വൈദ്യുതി വാങ്ങാന്‍ ബോര്‍ഡ് അധികമായി ചെലവഴിച്ചത്. വൈദ്യുതി ഉപയോഗം പരാമവധി നിയന്ത്രിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.
പവര്‍ എക്സ്ചേഞ്ചില്‍ യൂണിറ്റിന് ശരാശരി 12 രൂപയാണ് വില. ഏപ്രില്‍ മാസമാകുന്നതോടെ വൈദ്യുതി വാങ്ങാനുള്ള അധികചെലവ് പ്രതിദിനം 20 കോടിയായി ഉയരും. ചൊവ്വാഴ്ച പുറത്തു നിന്നും എത്തിച്ചത് 90.16 ദശലക്ഷം യൂണിറ്റാണ്. വൈകുന്നേരം ആറിനും രാത്രി 11നും ഇടയില്‍ വൈദ്യുതി ഉപഭോഗം നിയന്ത്രിച്ചില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് ബോര്‍ഡിന്റെ നിലപാട്. ഉപയോഗം കുറച്ചില്ലെങ്കില്‍ നിരക്ക് വര്‍ധിക്കുമെന്ന മുന്നറിയിപ്പും ബോര്‍ഡ് നല്കുന്നു.