Kerala News

കാസര്‍കോട് ആസാദ് നഗറില‍് ബൈക്കിലെത്തി വീട്ടമ്മയുടെ മാല തട്ടിപ്പറിച്ച കേസില്‍ പിടിയിലായ മുഹമ്മദ് ഷംനാസ് സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്

കാഞ്ഞങ്ങാട്: കാസര്‍കോട് ആസാദ് നഗറില‍് ബൈക്കിലെത്തി വീട്ടമ്മയുടെ മാല തട്ടിപ്പറിച്ച കേസില്‍ പിടിയിലായ മുഹമ്മദ് ഷംനാസ് സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്. കാപ്പ ചുമത്തി നാടുകടത്തപ്പെട്ട ഇയാള്‍ പതിനഞ്ച് കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഇത്തവണ മാല പൊട്ടിച്ചത് ഒറ്റയ്ക്കാണെന്ന് ഷംനാസ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കുഡ്‍ലു പായിച്ചാലിലെ അറുപത് വയസുകാരി സാവിത്രിയുടെ മാല പൊട്ടിച്ചെടുത്ത കേസില്‍ വയനാട് തിരുനെല്ലിയില്‍ നിന്നുമാണ് കളനാട് കീഴൂര്‍ സ്വദേശി മുഹമ്മദ് ഷംനാസിനെ രണ്ട് ദിവസം മുമ്പാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

പൊട്ടിച്ചെടുത്ത മാലയുടെ കഷണവും എട്ട് ഗ്രാം കഞ്ചാവും ഇയാളില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. സാവിത്രിയുടെ മാല കവര്‍ന്ന ശേഷം ഷംനാസ് വയനാട്ടിലെ വള്ളിയൂർക്കാവ് പരിസരത്താണ് എത്തിയത്.  കര്‍ണാടകയിലെ മടിക്കേരിയില്‍ നിന്ന് ബൈക്ക് വാടകയ്ക്ക് എടുത്ത് വന്നാണ് കവര്‍ച്ച നടത്തിയതെന്നും മറ്റൊരു വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റാണ് ബൈക്കില്‍ ഘടിപ്പിച്ചിരുന്നതെന്നും വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂട്ടുപ്രതികള്‍ ഇല്ലെന്നും ഒറ്റക്കാണ് കുറ്റകൃത്യം നടത്തിയതെന്നുമാണ് യുവാവിന്‍റെ മൊഴി. ബൈക്കിലെത്തി മാല തട്ടിപ്പറിക്കുന്നതില്‍ വിരുതനാണ് ഷംനാസെന്ന് പൊലീസ് പറയുന്നു. 

ബേക്കല്‍, മേല്‍പ്പറമ്പ്, വിദ്യാനഗര്‍, ബേഡഡുക്ക പൊലീസ് സ്റ്റേഷനുകളിലായി എട്ട് മാസത്തിനിടെ പത്തോളം മാല പൊട്ടിക്കല്‍ കേസുകളില്‍ പ്രതിയാണ് മുഹമ്മദ് ഷംനാസ്. മോഷണക്കേസിൽ കണ്ണൂര്‍ ജയിലില്‍ റിമാന്‍റില്‍ കഴിഞ്ഞ ഷംനാസ് നാല് മാസം മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. പൊലീസിന് തീരാതലവേദനയായതോടെ മേല്‍പ്പറമ്പ് പൊലീസ് ഇയാളെ ഗുണ്ടാ ആക്ട് പ്രകാരം കാപ്പ ചുമത്തി നാടുകടത്തി ഉത്തരവിറക്കിയിരുന്നു. ഇതിനിടെയാണ് വീണ്ടും മോഷണം നടത്തിയത്. കേസുകളില്‍ പിടിയിലായി ജയിലില്‍ നിന്നും ഇറങ്ങിയാല്‍ വീണ്ടും കവര്‍ച്ച തുടരുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

Related Posts

Leave a Reply