പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഐഎം റാലി ഇന്ന് കാസർഗോഡ് നടക്കും. അലാമിപ്പള്ളിയിലെ മൈതാനത്ത് വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. റാലിയിലേക്ക് സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക മേഖലയിലെ പ്രമുഖരെ ക്ഷണിച്ചിട്ടുണ്ട്. നാളെ കണ്ണൂരിലും 25ന് മലപ്പുറത്തും 27ന് കൊല്ലത്തും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ റാലി സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ സിഎഎ വിഷയത്തില്‍ പാര്‍ലമെന്റിലെ ഇടപെടലുകളും സുപ്രിം കോടതിയില്‍ നടത്തുന്ന നിയമപോരാട്ടവും എടുത്തു പറഞ്ഞ് വോട്ടര്‍മാരെ സമീപിക്കാന്‍ മുസ്ലീം ലീഗ് നേതൃത്വം തീരുമാനിച്ചു. സിഎഎക്കെതിരെ മലപ്പുറമുള്‍പ്പെടെയുള്ള അഞ്ച് ജില്ലകളില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ബഹുജനറാലികള്‍ സംഘടിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ലീഗീന്റെ നീക്കം. ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യം വെച്ചാണ് സിപിഎം റാലികള്‍ സംഘടിപ്പിക്കുന്നതെന്ന വിലയിരുത്തതിലാണ് ലീഗ്.
കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, കൊല്ലം ജില്ലകളില്‍ മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് നടത്തുന്ന റാലികള്‍ ന്യൂനപക്ഷ വോട്ടുകളെ ആകര്‍ഷിക്കാനാണെന്ന് ലീഗ് വിലയിരുത്തുന്നു. യുഡിഎഫ് നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനമുണ്ടെങ്കിലും അതിനു കാത്തു നില്‍ക്കാതെ ലീഗ് സ്വീകരിച്ച സിഎഎ വിരുദ്ധ നടപടികള്‍ വോട്ടര്‍മാരിലേക്ക് എത്തിക്കാനാണ് പാര്‍ട്ടി തീരുമാനം.