പറവൂർ: യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർതൃപിതാവ് തൂങ്ങിമരിച്ച സംഭവത്തിന് കാരണം കുടുംബവഴക്ക്. ചേന്ദമംഗലം വടക്കുംപുറം കൊച്ചങ്ങാടി എസ്.എന്‍. റോഡ് കാനപ്പിള്ളി വീട്ടില്‍ സെബാസ്റ്റ്യന്‍ (66) ആണ് മകന്‍ സിനോജിന്റെ ഭാര്യ ഷാനു (34)വിനെ കൊന്ന ശേഷം വീടിനുള്ളിലെ ജനാലയില്‍ തൂങ്ങിമരിച്ചത്. കുറച്ചുനാളായി സെബാസ്റ്റ്യനും മകനും മരുമകളുമായും വഴക്കിലായിരുന്നു. ഇതാണ് സംഭവത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. സെബാസ്റ്റ്യനും ഷാനുവും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ഇയാൾ ഷാനുവിനെ ആക്രമിക്കുകയും കത്തികൊണ്ട് കഴുത്തറുക്കുകയുമായിരുന്നു എന്ന് പൊലീസ് പറയുന്നു. ഷാനു അയല്‍പക്കത്തെ വീട്ടില്‍ എത്തി ബോധം കെട്ടുവീണു. ഉടൻ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചുവെങ്കിലും ആശുപത്രിയിലെത്തിക്കും മുന്‍പേ മരിച്ചു. തുടർന്ന് പൊലീസ് എത്തിയപ്പോൾ സെബാസ്റ്റ്യന്റെ വീട് അടച്ച നിലയിലായിരുന്നു. വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോൾ സെബാസ്റ്റ്യനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഭക്ഷണത്തെച്ചൊല്ലി സെബാസ്റ്റ്യനും മകനും മരുമകളും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിനു ശേഷം ഇയാളുമായി മകനും മരുമകളും സംസാരിക്കാതെയായി. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.