Entertainment Kerala News

തമിഴ്‌നാട്ടിൽ 50 കോടി ക്ലബ് തുറന്ന് മഞ്ഞുമ്മൽ ബോയ്സ്

മലയാള സിനിമയുടെ ‘എല്ലാ സീനുകളും’ മാറ്റി കൊണ്ട്, റെക്കോർഡുകളും തിരുത്തി കൊണ്ട് മഞ്ഞുമ്മൽ ബോയ്സ് ജൈത്രയാത്ര തുടരുകയാണ്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിദംബരം ഒരുക്കിയ സിനിമ പല ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും നേടിയിരുന്നു. ഇപ്പോഴിതാ മലയാള സിനിമാ ചരിത്രത്തിലെ വലിയൊരു റെക്കോഡ് മഞ്ഞുമ്മല്‍ നേടിയിരിക്കുന്നു.

മഞ്ഞുമ്മൽ ബോയ്സ് തമിഴ്‌നാട് ബോക്സോഫീസിൽ 50 കോടി ക്ലബിൽ ഇടം പിടിച്ചിരിക്കുകയാണ്. 24 ദിവസം കൊണ്ടാണ് ചിത്രം തമിഴ്‌നാട്ടിൽ നിന്ന് 50 കോടി രൂപ കളക്ട് ചെയ്തത്. ആദ്യമായാണ് ഒരു മലയാള സിനിമ തമിഴ്‌നാട്ടിൽ നിന്ന് 50 കോടി നേടുന്നത്.

ഇതോടെ 2024ൽ തമിഴ്‌നാട് ബോക്സോഫീസിൽ നിന്ന് ഏറ്റവും അധികം കളക്ഷൻ നേടുന്ന സിനിമകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് മഞ്ഞുമ്മൽ ബോയ്സ്. 54 കോടി കളക്ഷനുമായി ശിവകാർത്തികേയൻ നായകനായ അയലാനാണ് പട്ടികയിൽ ഒന്നാമത്.തമിഴ്‌നാട്ടിൽ മാത്രമല്ല കർണാടകയിലും സിനിമ ഒരു നാഴികക്കല്ല് പിന്നിട്ടിരുന്നു. റിലീസ് ചെയ്തു 23 ദിവസം പിന്നിട്ടപ്പോഴേക്കും സിനിമ കർണാടകയിൽ നിന്ന് 10 കോടി രൂപ കളക്ട് ചെയ്തിരുന്നു. കർണാടകയിൽ നിന്ന് 10 കോടിയിലധികം രൂപ നേടുന്ന ആദ്യ മലയാളം സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. ഫെബ്രുവരി 22 ന് റിലീസ് ചെയ്ത സിനിമ ആഗോളതലത്തിൽ 180 കോടിയോളം രൂപയാണ് നേടിയിരിക്കുന്നത്. കൊച്ചിയിൽ നിന്ന് ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.ചിദംബരമാണ് സിനിമയുടെ തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഗുണ കേവിന്‍റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Related Posts

Leave a Reply