ആലുവ: അതിഥി തൊഴിലാളികളുടെ മകളായ സ്കൂൾ വിദ്യാർത്ഥിനിയെ കാണാതായ സംഭവത്തിൽ അന്വേഷണം തുടരുന്നതായി പൊലീസ്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അസം സ്വദേശിനി സൽമാ ബീഗത്തെയാണ് തിങ്കളാഴ്ച മുതൽ കാണാതായത്. തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ മകൾ ബസ്സിൽ കയറി പോവുകയായിരുന്നു എന്ന് സൽമയുടെ അമ്മ പറഞ്ഞു. ചൊവ്വാഴ്ചയായിട്ടും തിരിച്ച് വരാതായതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഒരുതവണ പരിചയമില്ലാത്ത നമ്പറിൽ നിന്ന് മകൾ ഫോൺ വിളിച്ചിരുന്നു എന്ന് അമ്മ പറഞ്ഞു. നമ്പർ പൊലീസിന് കൈമാറിയതായി അമ്മ അറിയിച്ചു. സൽമ വീട്ടിലേക്ക് വിളിച്ച പരിചയമല്ലാത്ത മൊബൈൽ നമ്പർ കേന്ദ്രീകരിച്ചാണ് നിലവിൽ പൊലീസ് അന്വേഷണം നടത്തുന്നത്. അസം സ്വദേശിയായ യുവാവുമായി പെൺകുട്ടിക്ക് നേരത്തെ പരിചയമുണ്ടെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത ആലുവ ഈസ്റ്റ് പൊലീസ് അന്വേഷണം തുടരുകയാണ്. മുട്ടം തൈക്കാവിനടുത്ത് ഏറെക്കാലമായി വാടകയ്ക്ക് താമസിക്കുകയാണ് പെൺകുട്ടിയുടെ കുടുംബം. പെൺകുട്ടിക്ക് 18 വയസ്സായെന്നും, ബസ്സിൽ കയറി പോവുകയായിരുന്നു എന്നും അമ്മ പൊലീസിന് മൊഴിനൽകിയിരുന്നു
