കൊച്ചി: സംസ്ഥാനത്ത് ക്രമക്കേട് കണ്ടെത്തിയ 12 സഹകരണ ബാങ്കുകളുടെ പേര് വിവരങ്ങൾ ഇഡി ഹൈക്കോടതിയെ അറിയിച്ചു. അയ്യന്തോൾ, മാരായമുറ്റം, കണ്ടല, ചാത്തന്നൂർ, മൈലപ്ര, മാവേലിക്കര, തുമ്പൂർ, നടയ്ക്കൽ, കോന്നി റീജിയണൽ, ബി.എസ്.എൻ.എൽ എഞ്ചിനിയേഴ്സ് സഹകരണ ബാങ്ക്, മൂന്നിലവ് സഹകരണ ബാങ്കുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് പുറമെ ക്രമക്കേട് കണ്ടെത്തി കേസുകൾ രജിസ്റ്റർ ചെയ്ത ബാങ്കുകളാണ് ഇവ. കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട ഹർജിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് വിവരങ്ങൾ നൽകിയത്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണം നിർണ്ണായക ഘട്ടത്തിലാണെന്ന് ഇഡി പറയുന്നു. പലരുടെയും മൊഴികളിൽ നിന്നും രാഷ്ട്രീയ നേതാക്കളുടെ പങ്ക് പുറത്തു വന്നു. മുൻപ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പരാമർശിച്ചിട്ടുള്ളവർക്ക് അടക്കം സമൻസ് അയക്കാനുള്ള നടപടി പുരോഗമിക്കുന്നതായും ഇ.ഡി പറഞ്ഞു