തിരുവനന്തപുരം: ബിജെപിയിലേക്ക് പോകുമെന്ന വാർത്തയോട് പ്രതികരിച്ച് പത്മജ വേണുഗോപാൽ. ചാനലിൽ വന്ന വാർത്തക്കെതിരെയാണ് പത്മജ രംഗത്തെത്തിയത്. താൻ ബിജെപിയിൽ പോകുമെന്ന വാർത്ത ഏതോ മാധ്യമത്തിൽ നിന്ന് വന്നെന്ന് കേട്ടെന്നും എവിടെ നിന്നാണ് അത്തരത്തിലൊരു വാർത്ത വന്നതെന്ന് അറിയില്ലെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. തന്നോട് ഒരു ചാനൽ ചോദിച്ചപ്പോൾ തന്നെ വാർത്ത നിഷേധിച്ചതാണ്. ഇപ്പോഴും ശക്തമായി നിഷേധിക്കുന്നു. ഭാവിയിൽ പോകുമോ എന്നവർ തന്നോട് ചോദിച്ചു. ഇന്നത്തെ കാര്യമല്ലേ പറയാൻ പറ്റൂ, നാളത്തെ കാര്യം എങ്ങനെ പറയാൻ കഴിയുമെന്ന് അവരോട് തമാശയായി പറഞ്ഞു. അത് ഇങ്ങനെ വരുമെന്ന് കരുതിയില്ലെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പത്മജ ബിജെപിയിലേക്ക് ചേക്കേറുമെന്ന തരത്തിലാണ് വാർത്ത വന്നത്. പിന്നീട് സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
പത്മജ വേണുഗോപാലിന്റെ കുറിപ്പിന്റെ പൂർണരൂപം
ഞാൻ ബിജെപി യിൽ പോകുന്നു എന്നൊരു വാർത്ത ഏതോ മാധ്യമത്തിൽ വന്നു എന്ന് കേട്ടു. എവിടെ നിന്നാണ ഇത് വന്നത് എന്ന് എനിക്കറിയില്ല. എന്നോട് ഒരു ചാനൽ ചോദിച്ചപ്പോൾ ഈ വാർത്ത ഞാൻ നിഷേധിച്ചതാണ്. ഇപ്പോഴും ഞാൻ അത് ശക്തമായി നിഷേധിക്കുന്നു. അവർ എന്നോട് ചോദിച്ചു ഭാവിയിൽ പോകുമോ എന്ന്, ഞാൻ പറഞ്ഞു ഇന്നത്തെ കാര്യമല്ലേ പറയാൻ പറ്റൂ നാളെ കാര്യം എനിക്ക് എങ്ങിനെ പറയാൻ പറ്റും എന്ന് തമാശ ആയി പറഞ്ഞു .അത് ഇങ്ങിനെ വരും എന്ന് വിചാരിച്ചില്ല.