ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ബിജെപിക്കായി സംഭാവന തേടി പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടായിരം രൂപയുടെ രസീത് പങ്കുവച്ചുകൊണ്ട് തൻ്റെ എക്സ് ഹാൻഡിലിലൂടെയാണ് പ്രധാനമന്ത്രി സംഭാവന അഭ്യർത്ഥിച്ചത്. രാഷ്ട്രനിർമാണത്തിനായി നമോ ആപ്പിലൂടെ സംഭാവന നൽകാനാണ് ആഹ്വാനം. ‘ബിജെപിക്ക് സംഭാവന നൽകുന്നതിലും വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾക്ക് കരുത്തുപകരുന്നതിലും എനിക്ക് സന്തോഷമുണ്ട്. രാഷ്ട്രനിർമാണത്തിനായി നമോ ആപ്പിലൂടെ സംഭാവന നൽകാൻ എല്ലാവരോടും അഭ്യർഥിക്കുന്നു’- മോദി കുറിച്ചു. 2000 രൂപ സംഭാവന നൽകിയ രസീതിന്റെ ചിത്രം സഹിതമാണ് .
കഴിഞ്ഞ മാസം ഇലക്ട്രൽ ബോണ്ട് അസാധുവാക്കി സുപ്രിംകോടതി വിധി വന്നിരുന്നു. ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് സുപ്രിംകോടതി വിധി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറഞ്ഞത്. ഇതിനു പിന്നാലെയാണ് പൊതുജനങ്ങളിൽ നിന്ന് പ്രധാനമന്ത്രി സംഭാവന അഭ്യർത്ഥിച്ചത്.
ഇലക്ടറൽ ബോണ്ട് വിവരാകാശ നിയമത്തിന്റെ ലംഘനമാണെന്നും സംഭാവനകളെ കുറിച്ച് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. വിവരങ്ങൾ രഹസ്യമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രിംകോടതി വ്യക്തമാക്കി. 1000 രൂപ മുതൽ ബോണ്ടുകൾ ലഭ്യമാകും. എസ്ബിഐയുടെ നിശ്ചിത ശാഖകൾ മാത്രമേ ഇലക്ടറൽ ബോണ്ടുകൾ ലഭ്യമാകൂ. അതുകൊണ്ട് തന്നെ എസ്ബിഐയോട് വിവരങ്ങൾ അറിയിക്കാൻ സുപ്രിംകോടതി നിർദേശിച്ചിട്ടുണ്ട്. 2019 മുതലുള്ള വിവരങ്ങൾ നൽകാനാണ് നിർദേശം.
2018 മാർച്ചിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ പാസ്സാക്കിയതാണ് ഇലക്ടറൽ ബോണ്ട് പദ്ധതി. ജനപ്രാതിനിധ്യ നിയമം, റിസർവ് ബേങ്ക് ഓഫ് ഇന്ത്യ ആക്ട്, ആദായനികുതി നിയമം തുടങ്ങി നിരവധി നിയമങ്ങൾ ഭേദഗതി ചെയ്താണ് പദ്ധതി നടപ്പാക്കിയത്. സ്റ്റേറ്റ് ബേങ്കിന്റെ പ്രത്യേക ശാഖകളിൽ നിന്ന് 1,000 രൂപ മുതൽ ഒരു ലക്ഷം വരെയുള്ള തുകയുടെ ബോണ്ടുകൾ വാങ്ങി രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാവുന്നതാണ് പദ്ധതി. ഇലക്ട്രൽ ബോണ്ടിൽ ആരാണ് പണം നൽകിയതെന്ന് വെളിപ്പെടുത്തേണ്ടതില്ല. സംഭാവന നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നാണ് ചട്ടത്തിലെ വ്യവസ്ഥ.
ഈ വ്യവസ്ഥയ്‌ക്കെതിരെ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്‌സ് റിഫോംസ്, സിപിഐഎം അടക്കമുള്ളവരാണ് പൊതു താൽപര്യ ഹർജി സമർപ്പിച്ചത്. ഈ കേസിലാണ് നിലവിലെ നിർണായക വിധി.