തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും. നേമം വില്ലേജില്‍ പാപ്പനംകോട് എസ്റ്റേറ്റ് വാര്‍ഡില്‍ 43 വയസുകാരന് മുജീബ് റഹ്മാനെയാണ് 14 വര്‍ഷത്തെ കഠിനതടവും 50,000 രൂപ പിഴ ഒടുക്കുന്നതിനും കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി ശിക്ഷ വിധിച്ചത്. പിഴ ഒടുക്കില്ലെങ്കില്‍ ആറുമാസ അധിക കഠിനതടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി വിധിച്ചു. 2015ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാതാവ് ആശുപത്രിയിലുള്ള സഹോദരിയെ കാണുന്നതിന് പോയ സമയം സ്കൂള്‍ വിട്ടുവന്ന അതിജീവിതയെ തൊട്ടടുത്ത വീട്ടില്‍ താമസിച്ചിരുന്ന പ്രതി ക്രൂരമായി ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തെന്നാണ് കേസ്. വീട്ടില്‍ ആരുമില്ലാത്തതിനാല്‍ ആഹാരം നല്‍കാമെന്ന് പറഞ്ഞ് പ്രതിയുടെ വീട്ടിലെത്തിച്ച ശേഷമായിരുന്നു പീഡനം. വിവരം പുറത്തു പറഞ്ഞാല്‍ നഗ്ന ദൃശ്യങ്ങള്‍ പുറത്തുവിടും എന്ന് പറഞ്ഞ് പ്രതി അതിജീവിതയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കുറച്ചു ദിവസം കഴിഞ്ഞ് പ്രതിയുടെ ഭാര്യ മൊബൈല്‍ ഫോണില്‍ ചിത്രം കാണുകയും തുടര്‍ന്ന് അതിജീവിതയുടെ മാതാവിനെ കാണിക്കുകയും ചെയ്തു. തുടര്‍ന്നാണ് അതിജീവിതയുടെ മാതാവ് കാട്ടാക്കട പൊലീസില്‍ പരാതി നല്‍കിയത്.