Kerala News

പെണ്‍കുട്ടിക്ക് നേരേ ലൈംഗിക  അതിക്രമം നടത്തിയ കേസില്‍ ഡ്രൈവര്‍ക്ക് 10 വര്‍ഷം തടവും 1.50 ലക്ഷം രൂപ പിഴയും

തൃശൂര്‍: പെണ്‍കുട്ടിക്ക് നേരേ ലൈംഗിക  അതിക്രമം നടത്തിയ കേസില്‍ ഡ്രൈവര്‍ക്ക് 10 വര്‍ഷം തടവും 1.50 ലക്ഷം രൂപ പിഴയും കുന്നംകുളം പോക്‌സോ കോടതി ശിക്ഷ വിധിച്ചു. ചൂണ്ടല്‍ സ്വദേശി ചൂണ്ടപുരക്കല്‍ വീട്ടില്‍ മനോജിനെയാണ് (49) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജ് എസ്. ലിഷ  കുറ്റക്കാരനാണന്ന് കണ്ടെത്തി ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ പ്രതി ഇരയ്ക്ക് നല്‍കണം. 2020ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

ട്രാക്ടര്‍ ഡ്രൈവറായ പ്രതി ഭാര്യയുമായി ബന്ധം വേര്‍പ്പെടുത്തി താമസിച്ചുവരുന്നതിനിടെയാണ് 17 കാരിയായ പെണ്‍കുട്ടിക്ക് നേരേ ലൈംഗിക അതിക്രമം നടത്തിയത്. സംഭവം കുട്ടി ആദ്യം ആരോടും പറഞ്ഞിരുന്നില്ല. പിന്നീടാണ് കുട്ടി സംഭവം അമ്മയോട് പറയുന്നത്.  തുടര്‍ന്ന് അമ്മ നൽകിയ പരാതിയി കുന്നംകുളം പൊലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന വി. ഹേമലത  കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും കുന്നംകുളം പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന ടി.സി. അനുരാജ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 

തുടർന്ന് പൊലീസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും പ്രതിയുടെ പേരില്‍ കുറ്റപത്രം തയാറാക്കി കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. 16 സാക്ഷികളെ വിസ്തരിക്കുകയും നിരവധി രേഖകളും മറ്റു തെളിവുകളും പരിശോധിച്ചാണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യുഷനുവേണ്ടി അഡ്വ. കെ.എസ്. ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി അഭിഭാഷകരായ അശ്വതി,  രഞ്ജിക കെ. ചന്ദ്രന്‍ എന്നിവരും കുന്നംകുളം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പ്രശോബും പ്രവര്‍ത്തിച്ചു.

Related Posts

Leave a Reply