Entertainment Kerala News

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തില്‍ വിധി ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാംപ്രതി ദീലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്. ജസ്റ്റിസ് സോഫി തോമസ് അധ്യക്ഷയായ സിംഗിള്‍ ബെഞ്ചാണ് പ്രൊസിക്യൂഷന്റെ അപ്പീലില്‍ വിധി പറയുന്നത്. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ ആക്ഷേപം. തെളിവുകള്‍ പരിശോധിക്കാതെയാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യം വിചാരണ കോടതി തള്ളിയത്. വിപിന്‍ ലാല്‍, ദാസന്‍, സാഗര്‍ വിന്‍സന്റ്, ഡോ. ഹൈദരലി, ശരത് ബാബു, ജിന്‍സണ്‍ തുടങ്ങിയ പത്തോളം സാക്ഷികളെ ദിലീപ് സ്വാധീനിച്ചു. സാക്ഷികളെ സ്വാധീനിച്ചതിന് തെളിവായ ശബ്ദസന്ദേശങ്ങള്‍ക്ക് ആധികാരികതയില്ലെന്ന പരാമര്‍ശം തെറ്റാണ്. പ്രൊസിക്യൂഷന്റെ ആവശ്യം തള്ളിയ വിചാരണ കോടതിയുടെ വിധി നിയമ വിരുദ്ധമാണ് എന്നുമായിരുന്നു പ്രൊസിക്യൂഷന്റെ വാദം. ദിലീപും സംഘവും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ തെളിവുകളായ ശബ്ദ സന്ദേശങ്ങളും രേഖകളും പുറത്ത് വിട്ടത്.

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നടിക്ക് കൈമാറാന്‍ നേരത്തെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ടാണ് കൈമാറേണ്ടത്. നടിയുടെ ഹര്‍ജിയിലായിരുന്നു ഉത്തരവ്. പകര്‍പ്പ് വേണമെന്ന പ്രതി ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല.

ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചായിരുന്നു ഹര്‍ജി പരിഗണിച്ചത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുവെങ്കിലും അതിജീവിതയുടെ ആവശ്യം എറണാകുളം സെഷന്‍സ് കോടതി നേരത്തെ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ അതിജീവിത ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Related Posts

Leave a Reply