ഒമ്പതാം ക്ലാസ് വിദ്യാർഥി ഓടിച്ച ബൈക് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു. അംഗഡിമൊഗർ പെർളാടത്തെ അബ്ദുള്ള (60) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചു മണിയോടെ കുമ്പള ടൗണിൽ വെച്ചാണ് അപകടം സംഭവിച്ചത്. ബസ് സ്റ്റാൻഡിൽ നിന്ന് റോഡ് മുറിച്ച് കടക്കുകയായിരുന്ന അബ്ദുള്ളയെ വിദ്യാർഥി ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അബ്ദുല്ലയെ ഉടൻ തന്നെ കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റും. ബൈക്ക് അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുാകാർ പറയുന്നു. മനപുർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പ് ചുമത്തി കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.