Kerala News Top News

തൃപ്പൂണിത്തുറ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കോടതിയെ സമീപിക്കാനൊരുങ്ങി നാട്ടുകാർ.

കൊച്ചി: തൃപ്പൂണിത്തുറ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കോടതിയെ സമീപിക്കാനൊരുങ്ങി നാട്ടുകാർ. നഷ്ടപരിഹാരം കണക്കാക്കാൻ പ്രത്യേക കമ്മീഷൻ വേണമെന്നാണ് ഇവരുടെ ആവശ്യം. നഷ്ടപരിഹാരം ഈടാക്കി നൽകണം. വെടിക്കെട്ട് നിയന്ത്രിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. നാട്ടുകാരുടെ ആക്ഷൻ കൗൺസിലിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. നിയമവിരുദ്ധമായി വെടിക്കോപ്പുകൾ സൂക്ഷിച്ചവർ കൈവിട്ടതോടെയാണ് കോടതിയെ സമീപിക്കാൻ നാട്ടുകാർ തീരുമാനിച്ചത്.

സ്ഫോടനത്തിൽ 15 വീടുകൾ പൂർണ്ണമായും 150ലേറെ വീടുകൾ ഭാഗികമായും തകർന്നെന്നാണ് കണക്കുകൾ. സ്ഫോടനത്തിലൂടെ ഒന്നര കിലോമീറ്റർ ചുറ്റളവിൽ കനത്ത നാശമാണ് ഉണ്ടായിരിക്കുന്നത്. അപകടമുണ്ടായി രണ്ട് ദിവസമായിട്ടും വീടുകളുടെ നഷ്ടം കണക്കാക്കാൻ ഒരു നടപടിയുമില്ല. നാല് വീടുകൾ താമസയോഗ്യമല്ലെന്ന് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ഇതിനകം കണ്ടെത്തി വീട്ടുകാരോട് മാറിത്താമസിക്കാൻ ആവശ്യപ്പെട്ടു. മറ്റുവീടുകളിൽ താമസം തുടങ്ങണമെങ്കിൽ അടിയന്തരമായി അറ്റകുറ്റപ്പണി വേണം. തുടർ നടപടികൾ ആലോചിക്കാൻ തൃപ്പൂണിത്തുറ നഗരസഭ ഇന്ന് നാട്ടുകാരുടെ യോഗം വിളിച്ചിട്ടുണ്ട്. രാവിലെ 11. 30നാണ് യോഗം. വീടുകളുടെ അറ്റകുറ്റപ്പണി, നാശനഷ്ടം കണക്കാക്കൽ അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യും.

സ്ഫോടനത്തെക്കുറിച്ച് മജിസ്ട്രീരിയല്‍ അന്വേഷണത്തിനുള്ള ഉത്തരവ് ഇന്നുണ്ടായേക്കും. ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ കെ മീരയ്ക്കാകും അന്വേഷണ ചുമതല. ജനങ്ങൾ തിങ്ങിപാർക്കുന്ന പ്രദേശത്ത് അനധികൃതമായി ഇത്രയധികം വെടിമരുന്ന് കൊണ്ടുവരുന്നതും ഉപയോഗിക്കുന്നതും അറിഞ്ഞില്ലെന്ന പൊലീസ് വിശദീകരണം വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. അപകടത്തിന് പിന്നാലെ ഒളിവിൽ പോയ ക്ഷേത്രം ഭാരവാഹികളെ കണ്ടത്താൻ പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

അതേസമയം, തൃപ്പൂണിത്തുറ പുതിയകാവ് സ്ഫോടനത്തിൽ മരിച്ച വിഷ്ണുവിൻറെ മൃതദേഹം ഇന്ന് സംസ്കരിക്കും.ഒമ്പത് മണിക്ക് മുട്ടത്തറ എസ്എൻഡിപി ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. രാവിലെ 8മണിവരെ തിരുവനന്തപുരം ഉള്ളൂരിലെ വീട്ടിൽ പൊതുദർശനമുണ്ടാകും. പോത്തൻകോട് നിന്നും പടക്കങ്ങളുമായി തൃപ്പൂണിത്തുറയിലെത്തിയ ടെമ്പോ ട്രാവലറിൻറെ ഡ്രൈവറാണ് വിഷ്ണു. സ്ഫോടനത്തിൽ മരിച്ച ദിവാകരൻറെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Posts

Leave a Reply