തൃപ്പൂണിത്തറ സ്ഫോടനത്തിൽ എക്സ്പ്ലോസിവ് ആക്ട് പ്രകാരം കേസ്. ഹിൽപാലസ് പൊലീസ് ആണ് കേസെടുത്തത്. ഭരണസമിതി, പടക്കം എത്തിച്ചവർ, ഉത്സവകമ്മിറ്റി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. വെടിക്കെട്ടിന് അനുമതിയില്ലായിരുന്നു എന്ന് പൊലീസ് സ്ഥിരീകരിച്ചു.
തൃപ്പൂണ്ണിത്തുറ സ്ഫോടനത്തിൽ പരുക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. കളമശേരി മെഡിക്കൽ കോളജിലും എറണാകുളം ജനറൽ ആശുപത്രിയിലും മികച്ച ചികിത്സാ സൗകര്യമേർപ്പെടുത്താൻ ജില്ലാ മെഡിക്കൽ ഓഫീസർ നടപടി സ്വീകരിച്ചിട്ടുണ്ട്. തൃപ്പൂണ്ണിത്തുറ ആശുപത്രിയിലും കൂടുതൽ സൗകര്യങ്ങളൊരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ കനിവ് 108 ആംബുലൻസുകൾ വിന്യസിക്കുമെന്നും മന്ത്രി അറിയിച്ചു.
തൃപ്പൂണിത്തുറയിലെ തെക്കുംഭാഗത്ത് പടക്കക്കടയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഗുരുതരമായി പരുക്കേറ്റ് തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. സംഭവത്തിൽ 16 പേരാണ് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ നാല് പേർ അത്യാഹിത വിഭാഗത്തിലാണ്. വലിയ സ്ഫോടനമാണുണ്ടായെന്നാണ് നാട്ടുകാർ പറയുന്നത്.
സമീപത്തെ വീടുകളിലുണ്ടായിരുന്നവർക്കും പരുക്ക് സംഭവിച്ചിട്ടുണ്ട്. ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്. പരുക്കറ്റവരെ ആംബുലൻസിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. 300 മീറ്റർ അപ്പുറത്തേക്ക് അവശിഷ്ടങ്ങൾ തെറിച്ചു വീണുവെന്നാണ് സമീപ വാസികൾ പറയുന്നത്.
സ്ഫോടനം നടന്നതിന് സമീപത്തെ വീടുകളിലും ആളുകൾ ഉണ്ടായിരുന്നു. ഇവരിൽ പലർക്കും ചെറിയ രീതിയിൽ പരുക്കേറ്റിട്ടുണ്ട്. കുടുങ്ങിക്കിടന്നവരെയെല്ലാം രക്ഷപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ കൂടി എത്തിയാണ് തീ അണച്ചത്.