Kerala News

മയക്കുവെടിവെച്ചതിന് പിന്നാലെ ചരിഞ്ഞ തണ്ണീര്‍ കൊമ്പന്റെ ശരീരത്തിൽ പെല്ലെറ്റ് കൊണ്ട പാടുകൾ.

മയക്കുവെടിവെച്ചതിന് പിന്നാലെ ചരിഞ്ഞ തണ്ണീര്‍ കൊമ്പന്റെ ശരീരത്തിൽ പെല്ലെറ്റ് കൊണ്ട പാടുകൾ. കൃഷിയിടത്തിലോ ജനവാസ മേഖലയിലോ എത്തിയപ്പോൾ തുരത്താൻ ഉപയോഗിച്ചതാകാം എന്നാണ് സംശയം. തണ്ണീർ കൊമ്പനെ കേരള വനമേഖലയിൽ കണ്ടപ്പോൾ തന്നെ, കേരള കർണാടക വനംവകുപ്പുകൾ തമ്മിൽ ആശയ വിനിമയം നടത്തിയിരുന്നു.

കൃത്യമായ ലൊക്കേഷൻ സിഗ്നൽ പല ഘട്ടങ്ങളിലും ലഭിച്ചിച്ചിരുന്നില്ല. ഇത് കാട്ടാനയെ ട്രാക്ക് ചെയ്യാൻ തടസ്സമായി. ആനയെ തോൽപ്പെട്ടി മേഖലയിൽ ഒരാഴ്ച മുമ്പ് കണ്ടതായി വനംവകുപ്പിന് വിവരം ലഭിച്ചിരുന്നു.
ആന എത്തിയത് നാഗർഹോളെയിൽ നിന്ന് തിരുനെല്ലി കാട്ടിലൂടെയാണെന്ന് അധികൃതർ അറിയിച്ചു.

വെള്ളിയാഴ്ച മാനന്തവാടിയില്‍ മയക്കുവെടിവെച്ച് പിടികൂടിയ തണ്ണീര്‍ കൊമ്പനെ കര്‍ണാടക വനംവകുപ്പിന് കൈമാറിയ ശേഷമാണ് ശനിയാഴ്ച പുലര്‍ച്ചയോടെ ചരിഞ്ഞത്. രണ്ടാഴ്ച മുമ്പ് കര്‍ണാടകയിലെ ഹാസനില്‍നിന്ന് പിടികൂടി ബന്ദിപ്പുര്‍ വനത്തില്‍ തുറന്നുവിട്ട കാട്ടാനായിരുന്നു ഇത്. 20 ദിവസത്തെ ഇടവേളയ്ക്കിടെ രണ്ടുതവണയാണ് തണ്ണീര്‍ കൊമ്പന് മയക്കുവെടി ഏറ്റത്. എന്തുകൊണ്ടാണ് ആന ചരിയാനിടയായതെന്ന് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്..

മയക്കുവെടിയേറ്റതിനു ശേഷം 15 മണിക്കൂറോളം ആന മതിയായ വെള്ളം കിട്ടാതെ നിന്നിരുന്നു. ഇതേതുടര്‍ന്ന് നീര്‍ജലീകരണം സംഭവിച്ചതായും ഇലക്ട്രൊലൈറ്റ് അളവ് കുറഞ്ഞതോടെ ഹൃദയാഘാതം ഉണ്ടായതായുമായാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തല്‍.

Related Posts

Leave a Reply